കൂലി ചോദിച്ചതിന് തൊഴിലാളിയെ തല്ലിക്കൊന്നു, കരാറുകാരന്‍ പിടിയിൽ


പത്തനംതിട്ട തിരുവല്ലയില്‍ തൊഴിലാളിയെ കരാറുകാരന്‍ തല്ലിക്കൊന്നു. തമിഴ്നാട് മാര്‍ത്താണ്ഡം തക്കല സ്വദേശിയായ സ്റ്റീഫന്‍ (34) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കോണ്‍ട്രാക്ടറായ തക്കല സ്വദേശി ആല്‍വിന്‍ ജോസ്, സഹോദരന്‍ സുരേഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കൂലിയെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. കല്ലൂപ്പാറ എന്‍ജിനീയറിങ് കോളജിന് സമീപത്തുള്ള വാടക വീട്ടിലേക്ക് സ്റ്റീഫനും സുഹൃത്തുക്കളും മുമ്പ് സുരേഷിനൊപ്പം ജോലി ചെയ്ത വകയില്‍ കിട്ടാനുള്ള കൂലി ചോദിച്ച് എത്തി. തുടര്‍ന്ന് ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും സ്റ്റീഫനെ മര്‍ദ്ദിക്കുകയും ചെയ്തു. സുഹൃത്തുക്കളെ ഓടിച്ച ശേഷം സുരേഷും, ആല്‍ബിനും കമ്പിവടി ഉപയോഗിച്ച് സ്റ്റീഫനെ തലക്ക് അടിച്ചുവീഴ്ത്തി.
സുഹൃത്തുകള്‍ വിവരം അറിയിച്ചതോടെ പട്രോളിങ് നടത്തിയിരുന്ന പൊലീസ് സ്ഥലത്തെത്തി സ്റ്റീഫനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഇതിന് പിന്നാലെ സുരേഷിനെയും ആല്‍ബിനെയും കീഴ്വായ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കേസില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്.