NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പെണ്ണുകാണാനെത്തി യവരുടെ ഇന്റര്‍വ്യൂ നീണ്ടു; യുവതി ആശുപത്രിയില്‍; സിനിമാ സ്റ്റൈലില്‍ പ്രതികരിച്ച് പെണ്ണിന്റെ അച്ഛന്‍

പ്രതീകാത്മക ചിത്രം

 

കോഴിക്കോട്: പെണ്ണുകാണാനെത്തിയവര്‍ മുറിക്കുള്ളില്‍ കയറി പെണ്‍കുട്ടിയെ മാനസികമായി പീഡിപ്പിച്ചെന്ന് പരാതി. ചെറുക്കന്റെ ‘കാരണവന്‍മാരുടെ’ ചോദ്യോത്തരവേള നീണ്ടതോടെയാണ് യുവതി മാനസികമായി തളര്‍ന്നത്. ഇതിന് പിന്നാലെ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് അരിശം പൂണ്ട പെണ്‍വീട്ടുകാര്‍ പെണ്ണുകാണാനെത്തിയ സംഘത്തിലെ പുരുഷന്‍മാരെ തടഞ്ഞുവെക്കുകയും ചെയ്തു.

വെള്ളിയാഴ്ച, നാദാപുരം വാണിമ്മേലായിരുന്നു സംഭവം. വിലാതപുരത്തുള്ള യുവാവിന്റെ ബന്ധുക്കളാണ് പെണ്ണുകാണാനെത്തിയത്. രണ്ട് ദിവസം മുമ്പേ പെണ്ണുകാണാനെത്തിയ ചെറുക്കന് പെണ്ണിനെ ഇഷ്ടമായതോടെയാണ് സ്ത്രീകളടക്കമുള്ള കാരണവന്‍മാരുടെ സംഘം പെണ്‍കുട്ടിയെ കാണാനെത്തെിയത്.

ഇവര്‍ക്കൊപ്പമുണ്ടായിരുന്ന സ്ത്രീകള്‍ ഒന്നിച്ച് മുറിയില്‍ കയറി കതകടച്ച് യുവതിയുമായി സംസാരിക്കുകയായിരുന്നു. ഒരു മണിക്കൂറിലധികമായിരുന്നു ഇവരുടെ ‘ഇന്റര്‍വ്യൂ’ നീണ്ടത്. തുടര്‍ന്ന് ഭക്ഷണശേഷം ചെറുക്കന്റെ അടുത്ത ബന്ധുക്കള്‍ ‘ഒന്നുകൂടി ആലോചിക്കണമെന്ന്’ പറഞ്ഞതോടെയാണ് രംഗം വഷളായത്.

യുവാവിന്റെ വീട്ടുകാരുടെ നിലപാടും മാനസികമായി തളര്‍ന്ന മകളുടെ അവസ്ഥയും കണ്ടതോടെ ഗൃഹനാഥന്‍ പെണ്ണുകാണാനെത്തിയവര്‍ക്കു നേരെ തിരിയുകയായിരുന്നു. ആരെയും പുറത്തുവിടില്ലെന്ന് പറഞ്ഞ ഇയാള്‍ വീടിന്റെ ഗേറ്റടക്കുകയായിരുന്നു. ഇവരെ ഒരു കാരണവശാലും പോകാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ ഇയാള്‍ നാട്ടുകാര്‍ പറഞ്ഞതനുസരിച്ച് സ്ത്രീകളെ പോവാന്‍ അനുവദിക്കുകയായിരുന്നു.

എന്നാല്‍ ഒപ്പമുണ്ടായിരുന്ന രണ്ട് പുരുഷന്‍മാരെ രണ്ട് മണിക്കൂറോളം വീട്ടില്‍ തടഞ്ഞുവെക്കുകയും ഇവര്‍ വന്ന വാഹനങ്ങളില്‍ ഒന്ന് വിട്ടു നല്‍കാതിരിക്കുകയും ചെയ്തു.

പെണ്ണുകാണലിന്റെ പേരില്‍ നടക്കുന്ന ഇത്തരം സംഭവങ്ങള്‍ അവസാനിപ്പിക്കണമെന്ന ഉദ്ദേശ്യത്തിലാണ് താന്‍ ഇത്തരമൊരു നിലപാടെടുത്തതെന്നാണ് പെണ്‍കുട്ടിയുടെ അച്ഛന്‍ പറയുന്നത്.

Leave a Reply

Your email address will not be published.