സമ്മാന പദ്ധതി ; നറുക്കെടുപ്പിൽ ലഭിച്ച കാർ പങ്കു വെച്ച് അയൽപക്ക സൗഹൃദം


തിരൂരങ്ങാടി: ചെമ്മാട്ടെ വ്യാപാര സ്ഥാപനം നടത്തിയ സമ്മാന പദ്ധതിയിൽ നറുക്കെടുപ്പിൽ ലഭിച്ച കാർ പങ്കിട്ട് അയൽപക്ക സ്നേഹിതരുടെ സൗഹ്യദം ശ്രദ്ധേയമായി. ചെമ്മാട് മാനസ ടെക്സ്റ്റയിൽസ് 2021 ഏപ്രിൽ മുതൽ ഡിസംബർ വരെ സംഘടിപ്പിച്ച ഗ്രാൻറ് ഷോപ്പിങ്ങ് ഫിയസ്റ്റ സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ് ജനുവരി 12 നാണ് നടന്നത്. ഒന്നാം സമ്മാനമായ കാർ ചെട്ടിപ്പടി കുപ്പിവളവ് സ്വദേശിയായ കാടശേരി അഞ്ജുവിനാണ് ലഭിച്ചിരുന്നത്. സിനീഷിൻ്റെ വിവാഹ നിശ്ചയത്തിന് വേണ്ടി 2021ജൂൺ 22ന് മാനസയിൽ നിന്നും വസ്ത്രങ്ങൾ വാങ്ങിയിരുന്നു.
ഷോപ്പിങ്ങിന് സിനീഷിൻ്റെ കുടുംബത്തോടൊപ്പം അയൽവാസിയായ അഞ്ജുവും കൂടെ പോയിരുന്നു. വസ്ത്രങ്ങൾ എടുത്ത ശേഷം സിനീഷിന് കിട്ടിയ കൂപ്പണുകളിൽ കൂടെയുണ്ടായിരുന്ന എല്ലാവർക്കും നൽകി പേര് എഴുതി സമ്മാനപ്പെട്ടിയിൽ നിക്ഷേപിക്കുകയായിരുന്നു. ഇതിൽ അയൽവാസിയായ അഞ്ജുവിനാണ് നറുക്കെടുപ്പിൽ കാർ സമ്മാനമായി ലഭിച്ചത്.
തനിക്ക് സമ്മാനക്കൂപ്പൺ നൽകിയ സിനീഷിൻ്റെ കുടുംബവുമായി തന്റെ പേരിൽ ലഭിച്ച സമ്മാനം പിന്നീട് പങ്കുവെക്കാൻ സമ്മാനാർഹയായ അഞ്ജു തീരുമാനിക്കുകയായിരുന്നു. മാതൃകയാകേണ്ടുന്ന ഈ കുടുംബസൗഹൃദത്തിന് ലഭിച്ച മാരുതി ബോലേനോ കാർ ഇന്നലെ രണ്ട്പേർക്കുമായി മാനസ ടെക്സ്റ്റൈയിൽസ് കൈമാറി.
വാർത്താ സമ്മേളനത്തിൽ സിനീഷ്, അഞ്ജുവിൻ്റെ സഹോദരൻ അഖിൽ, പരപ്പനങ്ങാടി നഗരസഭ കൗൺസിലർ സി.ജയദേവൻ, മാനസ ടെക്സ്റ്റൈയിൽസ് എം.ഡി.സാഹിർ കുന്നുമ്മൽ, സി.ഇ.ഒ യൂനുസ് പള്ളിയാളി എന്നിവർ പങ്കെടുത്തു.