കോവിഡ് : പരപ്പനങ്ങാടിയിൽ കൂടിച്ചേരലുകൾ പാടില്ല, ടർഫുകൾ, മറ്റ് ഗ്രൗണ്ടുകൾ നിർത്തി
1 min read

പരപ്പനങ്ങാടി: നഗരസഭ പരിധിയിൽ കോവിഡ് കേസുകൾ വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ നഗരസഭ ചെയർമാൻ എ.ഉസ്മാന്റെ അധ്യക്ഷതയിൽ അടിയന്തിര യോഗം ചേർന്നു.
നഗരസഭ പരിധിയിലെ ടർഫുകൾ, മറ്റ് ഗ്രൗണ്ടുകൾ, എന്നിവയിൽ നടക്കുന്ന കലാ കായികവിനോദങ്ങൾ, മറ്റ് കൂടിച്ചേരലുകൾ എന്നിവ വെള്ളിയാഴ്ച്ച മുതൽ ഒരാഴ്ച്ചത്തേക്ക് നിർത്തിവെക്കുന്നതിന് യോഗത്തിൽ തീരുമാനിച്ചു.
എല്ലാ വാർഡുകളിലെയും ആർ.ആർ.ടി യും വാർഡ് ജാഗ്രത സമിതിയും പുന:സംഘടിപ്പിച്ച് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തും. നഗരസഭയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കോവിഡ് വാർ റൂമിന്റെ പ്രവർത്തനം പുനരാരംഭിച്ചു. വിവിധ വാർഡുകളിലായി വരുംദിവസങ്ങളിൽ കൂടുതൽ വാക്സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് നഗരസഭ ചെയർമാൻ അറിയിച്ചു.
യോഗത്തിൽ നഗരസഭാ ഉപാധ്യക്ഷ ശഹർബാൻ, സ്ഥിരംസമിതി അധ്യക്ഷന്മാർ, നഗരസഭാ സെക്രട്ടറി സാനന്ദ സിംഗ്, പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ, റവന്യൂ-ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ, മോണിറ്ററിംഗ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
