NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

‘സിഐ മോശം പെൺകുട്ടിയെന്ന് വിളിച്ചു, പ്രതിശ്രുത വരനെ ഭീഷണിപ്പെടുത്തി, മര്‍ദ്ദിച്ചു’; തേഞ്ഞിപ്പലത്ത് ആത്മഹത്യ ചെയ്ത പോക്സോ കേസ് ഇരയുടെ ആത്മഹത്യാ ക്കുറിപ്പ് പുറത്ത്;

പ്രതീകാത്മക ചിത്രം

മലപ്പുറം തേഞ്ഞിപ്പാലത്ത് ആത്മഹത്യ ചെയ്ത പോക്സോ കേസ് ഇരയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. മുമ്പും പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. അന്ന് എഴുതിയ കത്താണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. കത്തില്‍ സിഐക്കെതിരെ രൂക്ഷ വിമര്‍ശനമാണ് പെണ്‍കുട്ടി ഉന്നയിച്ചിരിക്കുന്നത്.

സിഐ തന്നെ ‘വേശ്യ’യെന്ന് വിളിച്ച് അപമാനിച്ചുവെന്നും തന്റെ അവസ്ഥക്ക് കാരണം കേസിലെ പ്രതികളും സിഐയും ആണ്. പീഡനവിവരം നാട്ടുകാരോട് മുഴുവന്‍ പറഞ്ഞ് പരത്തിയതിനാല്‍ തനിക്ക് പുറത്തിറങ്ങാന്‍ കഴിയുന്നില്ല. സിഐ പ്രതിശ്രുതവരനെ ഭീഷണിപ്പെടുത്തിയെന്നും മര്‍ദ്ദിച്ചു. ഇനി തനിക്ക് ജീവിക്കേണ്ടതില്ലെന്നും കുറിപ്പില്‍ പെണ്‍കുട്ടി എഴുതിയിരുന്നു.

2017 ലാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. രണ്ടു വര്‍ഷം മുമ്പാണ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തത്. ബന്ധുക്കളടക്കം ആറു പേരായിരുന്നു കേസിലെ പ്രതികള്‍. ഇതില്‍ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹാലോചന വന്ന സമയത്ത് പെണ്ണു കാണാനെത്തിയ യുവാവിനോടാണ് പെണ്‍കുട്ടി പീഡനവിവരം ആദ്യം വെളിപ്പെടുത്തുന്നത്.

അതേസമയം, കോഴിക്കോട് ഫറോക്ക് സ്റ്റേഷനിലും, മലപ്പുറം കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിലും രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസില്‍ പൊലീസിന് വീഴ്ച്ച സംഭവിച്ചതായി രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പോക്‌സോ കേസില്‍ പൊലീസ് പാലിക്കേണ്ട നടപടിക്രമങ്ങള്‍ ഈ കേസില്‍ പാലിച്ചില്ലെന്നും യൂണിഫോം ധരിച്ചാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ മൊഴിയെടുക്കാന്‍ പോയതെന്നും റിപ്പോട്ടില്‍ പറയുന്നു.

 

Leave a Reply

Your email address will not be published.