NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

വാക്‌സിനെടുക്കാന്‍ ആരെയും നിര്‍ബന്ധിക്കില്ല; കേന്ദ്രം സുപ്രീംകോടതിയില്‍

രാജ്യത്ത് നിര്‍ബന്ധിത വാക്‌സിനേഷന്‍ നടപ്പിലാക്കില്ലെന്ന് കേന്ദ്രം. വാക്‌സിനേഷനുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ വ്യക്തികളുടെ സമ്മതം കൂടാതെ നിര്‍ബന്ധിതമായി വാക്‌സിന്‍ നല്‍കാന്‍ നിര്‍ദ്ദേശിച്ചിട്ടില്ല എന്നും സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.

ശാരീരിക വെല്ലുവിളി നേരിടുന്ന വ്യക്തികള്‍ക്ക് വീടുകളിലെത്തി വാക്സിന്‍ നല്‍കുന്ന് കാര്യത്തില്‍ മുന്‍ഗണന നല്‍കണം എന്ന് ആവശ്യപ്പെട്ട് ഒരു സന്നദ്ധ സംഘടന സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജിയുമായി ബന്ധപ്പെട്ട സത്യവാങ്മൂലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ എല്ലാവരും വാക്‌സിന്‍ എടുക്കണമെന്ന് വിവിധ പത്ര, സമൂഹ മാധ്യമങ്ങളിലൂടെ പരസ്യം നല്‍കുകയും നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. വാക്‌സിന്‍ വിതരണം സുഗമമാക്കുന്നതിന് വേണ്ട സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട് എന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

വാക്‌സിനേഷന്‍ സമയത്ത് രജിസ്‌ട്രേഷനായി യുണീക്ക് ഡിസെബിലിറ്റി ഐഡി കാര്‍ഡ് അല്ലെങ്കില്‍ ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് സ്വമേധയാ തിരഞ്ഞെടുത്ത വികലാംഗര്‍ക്ക് മൊത്തം 23,678 ഡോസുകള്‍ നല്‍കി എന്നും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു. കിടപ്പിലായവര്‍ക്കും, ചലനശേഷിയോ വൈകല്യമോ ഉള്ളവര്‍ക്കും മൊബൈല്‍ വാക്സിനേഷന്‍ ടീമുകള്‍ ഉപയോഗിച്ച് താമസസ്ഥലത്ത് എത്തി വാക്‌സിന്‍ നല്‍കാന്‍ 2021 സെപ്റ്റംബര്‍ 22 ന് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കി എന്നും സര്‍ക്കാര്‍ അറിയിച്ചു.

ഏതെങ്കിലും ആവശ്യത്തിന് ഒരു സാഹചര്യത്തിലും വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. വികലാംഗ അവകാശ സംഘടനയായ എവാര ഫൗണ്ടേഷനാണ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

Leave a Reply

Your email address will not be published.