NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

സിപിഎം തിരുവാതിര വിവാദം; തിരുവനന്ത പുരത്ത് ക്ഷമാപണം, തൃശൂരിൽ ന്യായീകരണം

തിരുവനന്തപുരത്തെ മെഗാ തിരുവാതിര വിവാദത്തിൽ ക്ഷമാപണം നടത്തി സിപിഎം. സ്വാഗതസംഘം കൺവീനർ അജയകുമാറാണ് തിരുവാതിര വിവാദത്തിൽ ക്ഷമാപണം നടത്തിയത്. തിരുവനന്തപുരം ജില്ലാ സമ്മേളനം അവസാനിക്കും മുമ്പായിരുന്നു ക്ഷമാപണം. അതേസമയം, തൃശൂരിലെ തിരുവാതിരയെ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി ന്യായീകരിച്ചു. തിരുവാതിര നിരോധിച്ച കലാരൂപമല്ലെന്നാണ് എം എം വര്‍ഗ്ഗീസ് പ്രതികരിച്ചത്. കോവിഡ് മാനദണ്ഡം ലംഘിച്ചിട്ടില്ലെന്നും 80 പേര്‍ മാത്രമാണ് പങ്കെടുത്തതെന്നും അദ്ദേഹം പറഞ്ഞു. തെക്കുംകരയില്‍ ന്യൂട്രോണ്‍ ബോംബുണ്ടാകിയതുപോലെയാണ് പ്രചാരണമെന്നും അദ്ദേഹം വിമര്‍ശിച്ചു. അതിനിടെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സമ്മേളനം നടന്നതെന്നും മറ്റുള്ള വിമർശനങ്ങൾ സാധാരണമാണെന്നും ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചു.

തിരുവാതിര നടത്തിയ ദിവസവും പാട്ടിലെ വരികളും സഖാക്കൾക്ക് വേദന ഉണ്ടാക്കിയതായി മനസിലാക്കുന്നുവെന്നും. അങ്ങനെ സംഭവിച്ചതിൽ ക്ഷമ ചോദിക്കുന്നു എന്നുമാണ് സ്വാഗതസംഘം കൺവീനർ അജയൻ പറഞ്ഞത്.

ഇടുക്കിയിൽ കൊല്ലപ്പെട്ട എസ്എഫ്‌ഐ നേതാവ് ധീരജിന്റെ ചിത അണയും മുൻപ് 500ലേറെപ്പേരെ സംഘടിപ്പിച്ച് തിരുവനന്തപുരത്ത് തിരുവാതിരക്കളി നടത്തിയതിന് എതിരെയാണ് വിമർശനം ഉയർന്നത്. ഇതോടൊപ്പം കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചെന്നും ആരോപണമുയർന്നു. മുതിർന്ന നേതാവ് എം.എ ബേബി അടക്കമുള്ള നേതാക്കൾ പരിപാടിയിൽ സന്നിഹിതരായിരുന്നു. തിരുവാതിര വിവാദമായതോടെ തിരുവാതിരക്കളിയിൽ സിപിഎം സംസ്ഥാന നേതൃത്വം അതൃപ്തി രേഖപ്പെടുത്തി. രക്തസാക്ഷിയെ അപമാനിക്കുന്ന തരത്തിലായിപ്പോയി തിരുവാതിരയെന്നും പാർട്ടി വികാരം മനസിലാക്കി ഇത് മാറ്റിവയ്ക്കണമായിരുന്നു എന്നുമുള്ള നിലപാടാണ് സംസ്ഥാന നേതൃത്വം സ്വീകരിച്ചത്. ഇക്കാര്യത്തിൽ ജില്ലാ നേതൃത്വവും വീഴ്ച സമ്മതിച്ചിരുന്നു.

തിരുവനന്തപുരത്തെ വിവാദം കെട്ടടങ്ങുന്നതിന് മുമ്പാണ് വിമർശനങ്ങളെയെല്ലാം അവഗണിച്ച് തൃശൂരിലും പാർട്ടി സമ്മേളനത്തിൽ മെഗാ തിരുവാതിര സംഘടിപ്പിച്ചത്. നൂറിലധികം പേരാണ് പരിപാടിയിൽ പങ്കെടുത്തത്. തെക്കുംകര വെസ്റ്റ് ലോക്കൽ കമ്മിറ്റിയായിരുന്നു സംഘാടകർ.

Leave a Reply

Your email address will not be published.