സംസ്ഥാനത്ത് അതിതീവ്ര കോവിഡ് വ്യാപനത്തിന് സാധ്യതയെന്ന് ആരോഗ്യമന്ത്രി


സംസ്ഥാനത്ത് മൂന്നാഴ്ചയ്ക്കുള്ളിൽ കോവിഡ് അതിതീവ്ര വ്യാപനത്തിന് സാധ്യതയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സിപിഎം അടക്കം രാഷ്ട്രീയപ്പാർട്ടികളുടെ സമ്മേളനങ്ങളിൽ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുമെന്നും മന്ത്രി വ്യക്തമാക്കി.
മണവും രുചിയും നഷ്ടപ്പെടുന്ന സാഹചര്യം ഒമൈക്രോണിൽ ഇല്ലെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. കോവിഡ് വരുന്നവര്‍ക്ക് മണവും രുചിയും നഷ്ടപ്പെടുന്ന സാഹചര്യമുണ്ട്. കോവിഡിന്റെ ഡല്‍റ്റ വകഭേദത്തില്‍ പ്രത്യേകിച്ച് അത് കണ്ടതാണ്. എന്നാൽ ഒമൈക്രോൺ ബാധിച്ചവർക്ക് അത് ഉണ്ടാകുന്നില്ല എന്നും മന്ത്രി പറഞ്ഞു.
പനിയാണെങ്കിലും മണവും രുചിയും ഉണ്ടാകും. അതുകൊണ്ട് കോവിഡ് അല്ലെന്ന നിഗമനത്തില്‍ സ്വയം എത്തരുത്. കോവിഡ് ലക്ഷണങ്ങളുള്ളവര്‍ പരിശോധന നടത്തണം. ലക്ഷണം ഇല്ലാത്തവരില്‍ നിന്നാണ് കോവിഡ് രോഗവ്യാപനം ഉണ്ടാകുന്നത്. ഇതിനാലാണ് കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്ന് പറയുന്നതെന്നും മന്ത്രി പറഞ്ഞു.
സ്ഥാപനങ്ങളിലാണ് നിലവിൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ സ്ഥാപനങ്ങൾ കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കണമെന്ന് മന്ത്രി വീണാ ജോർജ് നിർദ്ദേശിച്ചു. സംസ്ഥാനത്ത് 78 ആക്ടീവ് കോവിഡ് ക്ലസ്റ്ററുകളുണ്ടെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് മരുന്ന് ക്ഷാമമെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നും മോണോ ക്ലോണൽ ആന്റിബോഡി, റെംഡെസിവർ, റാബിസ് വാക്‌സിൻ ഇവയെല്ലാം ആവശ്യത്തിനുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ചികിത്സാ പ്രോട്ടോക്കോള്‍ അനുസരിച്ചാണ് ഇത് നല്‍കുന്നത്. ഏത് ഘട്ടത്തിലാണ് നല്‍കേണ്ടതെന്ന് തീരുമാനിക്കുന്നത് അതാത് സ്ഥാപനങ്ങളിലെ മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്നാണ്. വിലകൂടുതല്‍ ആയതിനാല്‍ തന്നെ വലിയ തോതില്‍ വാങ്ങിവെക്കാറില്ല. ആവശ്യാനുസരണമാണ് വാങ്ങുന്നത്. ഒരുഘട്ടത്തിലും ലഭ്യതക്കുറവ് ഉണ്ടായിട്ടില്ല. വാർത്തകൾക്ക് പിന്നിൽ മരുന്ന് കമ്പനികളുടെ സമ്മർദ്ദമെന്ന് സംശയിക്കുന്നതായും ആരോഗ്യമന്ത്രി പറഞ്ഞു.