NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ദിലീപിന്റെ ആലുവയിലെ വീട്ടില്‍ പൊലീസ്; നടിയെ ആക്രമിച്ച കേസില്‍ തെളിവുകള്‍ തേടി പരിശോധന

ആലുവ: നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിന്റെ ആലുവയിലെ വീട്ടില്‍ പൊലീസ് പരിശോധന. നടിയെ ആക്രമിച്ച കേസിലെ തെളിവുകള്‍ തേടിയാണ് പരിശോധന.

പന്ത്രണ്ട് മണിയോടെയാണ് പൊലീസ് സംഘം ദിലീപിന്റെ വീട്ടിലെത്തിയത്. നടിയെ ആക്രമിച്ച സംഭവത്തിലെ ദൃശ്യങ്ങള്‍ ദിലീപിന്റെ പക്കലുണ്ടെന്ന് സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ മൊഴി നല്‍കിയിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് പൊലീസ് പരിശോധനയെന്നാണ് സൂചന.

കേസുമായി ബന്ധപ്പെട്ട് ഏറ്റവും പ്രധാനപ്പെട്ട ഒരു സ്ഥലമാണ് ദിലീപിന്റെ വീട്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപ് കണ്ടതും വി.ഐ.പി എന്ന് പറയുന്ന ആള്‍ എത്തിയെന്ന് പറഞ്ഞതും ഈ വീട്ടിലായിരുന്നു.

നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം അട്ടിമറിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ടിട്ടുണ്ടെന്ന് കേസിലെ മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ബാബു കുമാര്‍ വെളിപ്പെടുത്തിയിരുന്നു.

നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ പെന്‍ഡ്രൈവ് ആലുവയിലെ അഭിഭാഷകന്റെ വീട്ടിലുണ്ടെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടും ഉന്നത ഉദ്യോര്‍സ്ഥര്‍ അന്വേഷണം വൈകിപ്പിച്ചെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

കോടതിയില്‍ നിന്ന് അഭിഭാഷകന്റെ വീട്ടില്‍ പരിശോധന നടത്താന്‍ അനുമതി വാങ്ങിച്ചിരുന്നെന്നും എന്നാല്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ട് ഇത് വൈകിപ്പിച്ചെന്നും ബാബു കുമാര്‍ പറഞ്ഞു.

അതേസമയം, പള്‍സര്‍ സുനിയുടെ അമ്മയെ ഇന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ട്. പള്‍സര്‍ സുനിയുടെ കത്ത് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു ഇതോടെയാണ് അമ്മയെ ചോദ്യം ചെയ്യാന്‍ ക്രൈം ബ്രാഞ്ച് തീരുമാനിച്ചത്.

അതേസമയം നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹരജി പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റിവച്ചു.

വെള്ളിയാഴ്ച വരെ അറസ്റ്റുണ്ടാകില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. ഹരജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം. അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിക്കാനിരിക്കെയാണ് പുതിയ കേസ്.

Leave a Reply

Your email address will not be published.