NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് സി.പി.എമ്മിന്റെ മെഗാ തിരുവാതിര

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ തിരുവനന്തപുരത്ത് മെഗാ തിരുവാതിര സംഘടിപ്പിച്ച് സി.പി.എം. തിരുവനന്തപുരം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ചാണ് 502 പേരെ അണിനിരത്തി തിരുവാതിര കളി സംഘടിപ്പിച്ചത്. സംഭവത്തിന് പിന്നാലെ വ്യാപക വിമര്‍ശനങ്ങളാണ് ഉയരുന്നത്. പാറശാല ജനാധിപത്യ മഹിള അസോസിയേഷന്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ചെറുവാരക്കോണം സിഎസ്ഐ സ്‌കൂള്‍ മൈതാനത്ത് മെഗാ തിരുവാതിര അവതരിപ്പിച്ചത്.

വെള്ളിയാഴ്ചയാണ് തിരുവനന്തപുരത്ത് സി.പി.എം ജില്ലാ സമ്മേളനത്തിന് തുടക്കമാവുന്നത്. പാര്‍ട്ടി ചരിത്രവും സംസ്ഥാന സര്‍ക്കാരിനേയും പിണറായി വിജയനേയും പ്രകീര്‍ത്തിച്ചു കൊണ്ടുള്ള തിരുവാതിര ഗാനമായിരുന്നു തയ്യാറാക്കിയിരുന്നത്. ജില്ലാ പഞ്ചായത്ത് അംഗം സലൂജയുടെ നേതൃത്വത്തിലായിരുന്നു തിരുവാതിര. പരിപാടി കാണാന്‍ വലിയ തോതില്‍ ജനങ്ങള്‍ എത്തിയിരുന്നു.

പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബിയുടെ സാന്നിദ്ധ്യത്തിലായിരുന്നു മെഗാ തിരുവാതിര കളി നടന്നത്. ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ എന്‍.രതീന്ദ്രന്‍, പുത്തന്‍കട വിജയന്‍ അടക്കമുള്ള നേതാക്കള്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു.

കോവിഡ് വ്യാപന പഞ്ചാത്തലത്തില്‍ സംസ്ഥാനത്ത് കര്‍ശന ആള്‍ക്കൂട്ട നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിലാണ് ഇത്രയധികം പേരെ പങ്കെടുപ്പിച്ച് കൊണ്ട് പരിപാടി നടത്തിയത്. പൊതുപരിപാടിയില്‍ 150 പേരില്‍ കൂടരുതെന്നാണ് സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. വിവാഹ – മരണചടങ്ങുകളില്‍ പരാമവധി 50 പേര്‍ പങ്കെടുക്കാവൂ എന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നിലനില്‍ക്കെയാണ് പാര്‍ട്ടി തന്നെ ഇത് ലംഘിച്ചിരിക്കുന്നത്.

പൊതുപരിപാടികള്‍ ഓണ്‍ലൈനാക്കണം, പൊതുയോഗങ്ങള്‍ കഴിവതും ഒഴിവാക്കണമെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു. ആരോഗ്യ വകുപ്പ് തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍ പറത്തി സി.പി.എം തന്നെ പരിപാടി സംഘടിപ്പിച്ചതിനെതിരെ വിമര്‍ശനങ്ങള്‍ ശക്തമാവുകയാണ്.

Leave a Reply

Your email address will not be published.