NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

‘ഇടത് സര്‍ക്കാരുമായി സഹകരിക്കുന്നതില്‍ തെറ്റില്ല’; അബ്ദുസമദ് പൂക്കോട്ടൂര്‍

ഇടത് സര്‍ക്കാരുമായി സഹകരിക്കുന്നതില്‍ തെറ്റില്ലെന്ന് സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂര്‍. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സര്‍ക്കാരിനോട് സഹകരിക്കുന്നുണ്ട്. ഭരിക്കുന്ന ഒരു സര്‍ക്കാരില്‍ നിന്ന് നമുക്കവകാശപ്പെട്ട ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ വേണ്ടി വിദ്വേഷ സമീപനം സ്വീകരിക്കാതെ ഇരിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിനെ തന്ത്രപരമായ ഒരു സമീപനം എന്ന് മാത്രം കരുതിയാല്‍ മതി.വിമര്‍ശിക്കപ്പെടേണ്ട കാര്യമല്ല എന്നും സമസ്ത നേതാവ് പറഞ്ഞു.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഉള്ള എല്ലാവരും വിശ്വാസികള്‍ അല്ലാത്തവരാണ് എന്ന് പറയുന്നില്ല. പാര്‍ട്ടിയിലെ എല്ലാവരും നിരീക്ഷകത്വം അംഗീകരിച്ചവരോ ഇടത് സൈദ്ധാന്തിക ദര്‍ശനം പഠിച്ചവരോ ആകണമെന്നില്ല. വിശാസികളായിട്ടുള്ളവരും പാര്‍ട്ടിയിലുണ്ട്. കേരളം ഭരിക്കുന്നത് പൂര്‍ണ്ണമായും കമ്യൂണിസ്റ്റുകളല്ല. മതവിശ്വാസികള്‍ കൂടി ചേര്‍ന്നിട്ടുള്ള മുന്നണിയാണ് ഇപ്പോള്‍ ഭരിക്കുന്നത് എന്നും പൂക്കോട്ടൂര്‍ പറഞ്ഞു. കാര്യങ്ങളെ വേര്‍തിരിച്ച് കാണാനുള്ള കെല്‍പ്പ് വിവേകമുള്ളവര്‍ക്കുണ്ട്. ബാക്കിയുള്ളവര്‍ വെറുതെ വിവാദമുണ്ടാക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

സര്‍ക്കാരുമായുള്ള സഹകരണത്തില്‍ സമസ്തയില്‍ തന്നെ ഭിന്നതയുള്ള സാഹചര്യത്തില്‍ ആണ് അബ്ദുസമദ് പൂക്കോട്ടൂരിന്റെ പ്രസ്താവന. ഒരു ഓണ്‍ലൈന്‍ നാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. അബ്ദുസമദ് പൂക്കോട്ടൂരിന്റെ ഈ പ്രസ്താവന അടങ്ങിയ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്. അതേ സമയം സര്‍ക്കാരിനോടും ഇടത് മുന്നണിയോട് സഹകരിക്കുന്നതില്‍ തെറ്റില്ലെന്ന സമസ്തയുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്ന് കെ.ടി.ജലീല്‍ എംഎല്‍എ പറഞ്ഞു. അബ്ദുസമദ് പൂക്കോട്ടൂരിന്റെ പ്രസ്താവനക്ക് പിന്നാലെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വഖഫ് വിഷയത്തില്‍ സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ സ്വീകരിച്ച സമീപനം സര്‍ക്കാരിന് അനുകൂലമായ രീതിയിലായിരുന്നു. ഇത് ലീഗിന് തിരിച്ചടിയാകുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published.