NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

അഞ്ച് സംസ്ഥാനങ്ങളിലേക്ക് ഏഴ് ഘട്ടമായി തെരഞ്ഞെടുപ്പ്; ആദ്യഘട്ടം യു.പിയില്‍ ഫെബ്രുവരി 10 ന്

ന്യൂദല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് ഏഴ് ഘട്ടമായി നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം.

യു.പിയില്‍ ഫെബ്രുവരി 10 നാണ് ഒന്നാം ഘട്ട തെരഞ്ഞെടുപ്പ്. രണ്ടാം ഘട്ടം ഫെബ്രുവരി 14 നും മൂന്നാം ഘട്ടം ഫെബ്രുവരി 20 നും നടക്കും. നാലാം ഘട്ടം ഫെബ്രുവരി 23 നും അഞ്ചാം ഘട്ടം ഫെബ്രുവരി 27 നും നടക്കും. ആറാം ഘട്ടം മാര്‍ച്ച് 3നും ഏഴാം ഘട്ടം മാര്‍ച്ച് 7നും നടക്കും. മാര്‍ച്ച് 10 നാണ് വോട്ടെണ്ണല്‍.

പഞ്ചാബിലും ഉത്തരാഖണ്ഡിലും ഗോവയിലും ഫെബ്രുവരി 14 ന് ഒറ്റ ഘട്ടമായിട്ടാണ് തെരഞ്ഞെടുപ്പ് നടക്കുക. മണിപ്പൂരില്‍ ഫെബ്രുവരി 27 നും മാര്‍ച്ച് മൂന്നിനുമായി രണ്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ്.

ജനുവരി 15 വരെ റാലികള്‍ക്കും പദയാത്രയ്ക്കും അനുമതിയില്ല. റോഡ് ഷോക്കും അനുമതിയില്ല. പ്രചാരണം പരമാവധി ഡിജിറ്റലാക്കണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുശീല്‍ ചന്ദ്ര അറിയിച്ചു.

അഞ്ച് സംസ്ഥാനങ്ങളിലും പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. വീട് കയറിയുള്ള പ്രചരണത്തിന് 5 പേരെ മാത്രമേ അനുവദിക്കുകയുള്ളൂ. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് 2 ഡോസ് വാക്‌സിന്‍ നിര്‍ബന്ധമാണെന്നും കൊവിഡ് ബാധിതര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും 80 വയസ് കഴിഞ്ഞവര്‍ക്കും തപാല്‍ വോട്ട് ചെയ്യാമെന്നും കമ്മീഷന്‍ അറിയിച്ചു.

നാമനിര്‍ദേശപത്രിക ഓണ്‍ലൈന്‍ ആയി നല്‍കാമെന്നും വോട്ടെടുപ്പ് സമയം ഒരു മണിക്കൂര്‍ നീട്ടിയിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

18.43 കോടി വോട്ടര്‍മാരാണ് ഈ അഞ്ചു സംസ്ഥാനങ്ങളിലൂം കൂടിയുള്ളത്. ഇതില്‍ 8.55കോടി വോട്ടര്‍മാര്‍ സ്ത്രീകളാണ്. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് പോളിങ് സ്റ്റേഷനുകളുടെ എണ്ണം പതിനാറ് ശതമാനം വര്‍ധിപ്പിച്ചിട്ടുണ്ട്. ഒരു പോളിങ് സ്റ്റേഷനില്‍ പരമാവധി 1250 പേര്‍ക്ക് മാത്രം പ്രവേശനം നല്‍കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചിരിക്കുന്നത്.

യുപിയിലും പഞ്ചാബിലും ഉത്തരാഖണ്ഡിലും സ്ഥാനാര്‍ത്ഥികള്‍ക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാവുന്ന തുക 40 ലക്ഷമായി ഉയര്‍ത്തിയിട്ടുണ്ട്. ഗോവയിലും മണിപ്പൂരിലും 28 ലക്ഷമായും ഉയര്‍ത്തി.

തെരഞ്ഞെടുപ്പു നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളില്‍ നാലിലും ബി.ജെ.പിയാണ് ഭരണത്തില്‍. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നിവിടങ്ങളിലാണ് ബി.ജെ.പി ഭരണത്തിലുള്ളത്. പഞ്ചാബില്‍ കോണ്‍ഗ്രസ് ആണ് ഭരണകക്ഷി

Leave a Reply

Your email address will not be published.