തിരുവനന്തപുരത്തെ ഗുണ്ടാ ആക്രമണം; ഒരാള്‍ പിടിയില്‍


തിരുവനന്തപുരത്ത് പൊലീസ് ഉദ്യോഗസ്ഥയെയും കുടുംബത്തെയും ആക്രമിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍. നെയ്യാറ്റിന്‍കര മഞ്ചവിളാകം സ്വദേശി സതീഷാണ് പിടിയിലായത്. ഇയാളെ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു.
നെയ്യാറ്റിന്‍കര ധനുവച്ചപുരം പരുത്തിവിളയില്‍ ഇന്നലെ രാത്രിയിലായിരുന്നു ഗുണ്ടാസംഘത്തിന്റെ ആക്രമണം. സംഭവത്തില്‍ പാറശാല സ്റ്റേഷനിലെ വനിതാ സിവില്‍ പൊലീസ് ഉദ്യോഗസ്ഥ ഷീജ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേറ്റിരുന്നു. പരുത്തിവിള സ്വദേശി ബിജുവിന്റെ വീട്ടിലാണ് ആക്രമണം നടന്നത്. ഗുണ്ടാ സംഘം വീട്ടിലേക്ക് അതിക്രമിച്ച് കയറി അക്രമിക്കുകയായിരുന്നു. സംഭവ സമയത്ത് ബിജുവും, ഭാര്യ ഷിജി, സഹോദരിമാരായ ഷീജ, സോണിയ എന്നിരാണ് ഉണ്ടായിരുന്നത്. ഗുണ്ടാ സംഘത്തിന്റെ ആക്രമണത്തില്‍ ഇവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
കഴിഞ്ഞ ദിവസം ഇവരുടെ വീടിന് സമീപത്തുള്ള വീട്ടില്‍ ഗുണ്ടാ സംഘം ആക്രമണം നടത്തിയിരുന്നു. ഈ വിവരം പൊലീസില്‍ അറിയിച്ചുവെന്ന് ആരോപിച്ചാണ് സംഘം ആക്രമണം നടത്തിയത്. പ്രതികള്‍ ഒളിവില്‍ കഴിയുന്ന സ്ഥലം പൊലീസിനെ അറിയിച്ചതും, പരാതി നല്‍കിയതുമാണ് ആക്രമണത്തിന് കാരണമെന്ന് വീട്ടുകാര്‍ പറഞ്ഞു. പരിക്കേറ്റവരെ പാറശാല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
എന്നാല്‍ കഴിഞ്ഞ ദിവസത്തെ ഗുണ്ടാ ആക്രമണത്തിലെ പ്രതികളെ പൊലീസ് ഇതുവരെ പിടികൂടിയട്ടില്ല. ഇവര്‍ തന്നെയാണ് ഇന്നലത്തെ ആക്രമണത്തിന് പിന്നിലും എന്നാണ് സംശയം. ആക്രമണം നടത്തിയ ശേഷം പ്രതികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഇവരെ പിടികൂടാനായി നെയ്യാറ്റിന്‍കര പൊലീസും, പാറശാല പൊലീസും തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.