NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ആരോഗ്യ വകുപ്പിലെ ഫയലുകള്‍ കാണാതായ സംഭവം; കൃത്യമായ വിവരങ്ങള്‍ ആവശ്യപ്പെട്ട് പൊലീസ്

ആരോഗ്യ വകുപ്പില്‍ നിന്നും പ്രധാനപ്പെട്ട ഫയലുകള്‍ കാണാതായ സംഭവത്തില്‍ നഷ്ടപ്പെട്ട ഫയലുകളെ കുറിച്ച് കൃത്യമായ വിവരങ്ങള്‍ നല്‍കണം എന്ന് ആവശ്യപ്പെട്ട് കന്റോണ്‍മെന്റ് പൊലീസ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് കത്ത് നല്‍കി. വിവരങ്ങള്‍ ലഭിക്കാതെ കേസെടുക്കാന്‍ കഴിയുന്നില്ല എന്നാണ് പൊലീസ് പറയുന്നത്.

500ല്‍ അധികം ഫയലുകള്‍ കാണാതായിട്ടുണ്ട്. എന്നാല്‍ ഒന്നിനെ കുറിച്ചും ആരോഗ്യ വകുപ്പ് കൃത്യമായ വിവരങ്ങള്‍ നല്‍കിയിട്ടില്ല. മരുന്നുകള്‍ വാങ്ങിയത് അടക്കമുള്ള ഫയലുകള്‍ ഇവയില്‍ ഉള്‍പ്പെടും. കോവിഡ് സാഹചര്യത്തില്‍ ടെന്‍ഡറില്ലാതെ കോടിക്കണക്കിന് മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും വാങ്ങിയ സംഭവം വിവാദം ആയിരുന്നു. ഈ സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് ഇഴഞ്ഞു നീങ്ങുന്നത്.

മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനുമായി ബന്ധപ്പെട്ട ക്രമക്കേടുകളുമായി ഫയല്‍ കാണാതായ സംഭവത്തിന് എന്തെങ്കിലും ബന്ധമുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. അതേ സമയം കോവിഡ് സമയത്ത് കേരള മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍ വഴി മരുന്നും മെഡിക്കല്‍ ഉപകരണങ്ങളും വാങ്ങിയ വിഷയത്തില്‍ വന്‍ ക്രമക്കേട് ഉണ്ടായെന്ന ആരോപണത്തെ വിജിലന്‍സ് അന്വേഷണം വേണം എന്ന ആവശ്യം ഉയര്‍ന്നിരുന്നു എങ്കിലും അന്വേഷണ ചുമതല ധനകാര്യവകുപ്പ് ഫിനാന്‍സ് ഇന്‍സ്‌പെക്ഷന്‍ വിങിനെ ഏല്‍പ്പിക്കാനാണ് തീരുമാനം. എല്ലാ ഇടപാടുകളും പരിശോധിക്കും എന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. 550 രൂപയ്ക്ക് കിട്ടുമായിരുന്നിട്ടും മൂന്നിരട്ടി വിലയ്ക്കാണ് പിപിഇ കിറ്റുകള്‍, തെര്‍മല്‍ സ്‌കാനറുകള്‍ അടക്കമുള്ള പല ഉപകരണങ്ങളും വാങ്ങിയത്.

മൂന്നിരട്ടി വിലയ്ക്ക് മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ പിപിഇ കിറ്റുകള്‍ വാങ്ങിയ സാന്‍ഫാര്‍മ കമ്പനി ആരാണ്, സംഭവത്തില്‍ ആരൊക്കെ ഇടപെട്ടു ഫയലുകള്‍ മായ്ച്ചതടക്കം അട്ടിമറിക്ക് പിന്നിലെ ബാഹ്യ ഇടപെടല്‍, എന്നീ ഗൗരവമുള്ള ചോദ്യങ്ങള്‍ നിലനില്‍ക്കെയാണ് ഇന്‍സ്‌പെക്ഷന്‍ വിങ്ങ് കേസ് അന്വേഷിക്കുന്നത്.

Leave a Reply

Your email address will not be published.