NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കെ. റെയിൽ പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കാമെന്ന് കേന്ദ്ര റെയിൽവെ മന്ത്രാലയം ഹൈക്കോടതിയിൽ

കെ റെയിൽ പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കാമെന്ന് കേന്ദ്ര റെയിൽവെ മന്ത്രാലയം ഹൈക്കോടതിയെ അറിയിച്ചു. കെ റെയിൽ പ്രത്യേക പദ്ധതി അല്ലെന്നും 2013 ലെ നിയമം അനുസരിച്ച് പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാനുള്ള അനുമതി സംസ്ഥാന സർക്കാരിനുണ്ടെന്നും റെയില്‍വേ മന്ത്രാലയം ഹൈക്കോടതിയിൽ വ്യക്തമാക്കി. എന്നാൽ പദ്ധതിക്ക് പ്രാഥമിക അനുമതി മാത്രമാണ് നൽകിയിട്ടുള്ളത്. സംസ്ഥാന സര്‍ക്കാര്‍ വാദങ്ങളെ കോടതിയില്‍ റെയില്‍വേ പിന്തുണച്ചു. ഭൂമി ഏറ്റെടുക്കലിന്റെ പ്രാരംഭ നടപടികള്‍ ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലെ അന്തിമവാദത്തിനിടെയാണ് റെയില്‍വേ നിലപാട് അറിയിച്ചത്.

കെ റെയിൽ പദ്ധതിയിൽ കേന്ദ്ര അനുമതിയില്ലാതെ സംസ്ഥാന സർക്കാരിന് സ്ഥലം ഏറ്റെടുക്കാൻ കഴിയില്ലെന്നാണ് ഹർജിയിൽ പറഞ്ഞിരുന്നത്. ഇതു സംബന്ധിച്ചാണ് ഹൈക്കോടതി കേന്ദ്രത്തോട് വിശദീകരണം തേടിയത്. കെ റെയിൽ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കൽ റദ്ദാക്കണമെന്നായിരുന്നു ഹർജിക്കാരുടെ പ്രധാന ആവശ്യം. ഹർജികൾ പരിഗണിക്കുമ്പോൾ തന്നെ കെ-റെയിൽ പദ്ധതിക്കായി 955 ഹെക്ടർ ഭൂമി ഏറ്റെടുക്കാമെന്ന വിവരം സർവേ നടത്താതെ സർക്കാരിന് എങ്ങനെ ലഭിച്ചുവെന്ന് കോടതി ചോദിച്ചു. കേന്ദ്ര അനുമതിയില്ലാതെ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കൽ നിയമവിരുദ്ധമാണെന്നും ഹർജിക്കാർ കോടതിയിൽ വ്യക്തമാക്കിയിരുന്നു.എന്നാൽ കെ റെയിൽ പദ്ധതിയിൽ സംസ്ഥാന സർക്കാരിന് അനുകൂലമായ സമീപനമാണ് കേന്ദ്രം സ്വീകരിച്ചിരിക്കുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ തത്വത്തിലുള്ള അംഗീകാരം പദ്ധതിക്ക് ഉണ്ടെന്നും ഇതനുസരിച്ചുള്ള നടപടികള്‍ മാത്രമാണ് എടുത്തിരിക്കുന്നതെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാൽ സര്‍ക്കാരിന്റെയും റെയില്‍വേയുടെയും വാദങ്ങളെ ഹര്‍ജിക്കാര്‍ ചോദ്യം ചെയ്തു. കെ-റെയിൽ പദ്ധതിക്ക് കേന്ദ്രത്തിന്റെ കൃത്യമായ അനുമതി ഇല്ലെന്ന് അവര്‍ കോടതിയെ അറിയിച്ചു. നിയമവിരുദ്ധമായി 955 ഏക്കര്‍ സ്ഥലം ഏറ്റെടുക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കമെന്നും ഇത് ജനജീവിതത്തെ തകിടംമറിക്കുമെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. അന്തിമവാദം പൂര്‍ത്തിയായതിനെ തുടര്‍ന്ന് വിധിപറയാനായി കേസ് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *