കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ വഖഫ് സംരക്ഷണ സമ്മേളനം; സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂരിനെതിരെ കേസ്


കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന് സമസ്ത യുവജന വിഭാഗം നേതാവ് അബ്ദുസമദ് പൂക്കോട്ടൂരിനെതിരെ കേസ്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ പൊതുയോഗം സംഘടിപ്പിച്ചതിനാണ് തിരൂരങ്ങാടി പൊലീസ് കേസെടുത്തത്. പുറമെ മുസ്ലിം ലീഗ് നേതാക്കളായ 12 പേര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്.
വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിടുന്നതിനെതിരയാണ് കഴിഞ്ഞ ദിവസം പൂക്കിപറമ്പില്‍ സമ്മേളനം സംഘടിപ്പിച്ചത്.
തെന്നല പഞ്ചായത്ത് മുസ്‌ലിം കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരുന്നത്.
അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ ഖാദര്‍ ഖാസിമി, ഷരീഫ് വടക്കയില്‍, ടി.വി മൊയ്തീന്‍, പി.കെ റസാഖ്, സിദ്ധീഖ് ഫൈസി ഷേക്ക്, സിദ്ധീഖ് ഫൈസി വാളക്കുളം, ബാവ ഹാജി, മജീദ്, ഹംസ ചീരങ്ങന്‍, പി.കെ ഷാനവാസ്, ഹംസ വെന്നിയൂര്‍ എന്നിവര്‍ക്കെതിരെ കെ.ഇ.ഡി ആക്ട് 4(2)(ഇ), 4(2)(ജെ), 3(ഇ), കെ.പി ആക്ട് 211 77ബി, 121 വകുപ്പുകള്‍ പ്രകാരമാണ് കേസ്. അതോടപ്പം കണ്ടാലറിയാവുന്ന ഇരുനൂറോളം പേര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും ഇരുന്നൂറോളം പേരെ പങ്കെടുപ്പിച്ച് പൊതു ജനങ്ങള്‍ക്ക് ശല്യമുണ്ടാക്കുന്ന വിധത്തിലാണ് സമ്മേളനം നടത്തിയതെന്ന് പൊലീസ് എഫ്.ഐ.ആറില്‍ പറയുന്നു.