NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

മാവേലി എക്സ്പ്രസില്‍ പൊലീസിന്റെ മര്‍ദ്ദനത്തിന് ഇരയായ ആള്‍ പിടിയില്‍.

മാവേലി എക്സ്പ്രസില്‍ പൊലീസിന്റെ മര്‍ദ്ദനത്തിന് ഇരയായ ആള്‍ പിടിയില്‍. കണ്ണൂര്‍ സ്വദേശി പൊന്നന്‍ ഷമീര്‍(40) എന്നയാളെ കോഴിക്കോട് ലിങ്ക് റോഡില്‍ നിന്നാണ് കണ്ടെത്തിയത്. നിലവില്‍ കോഴിക്കോട് റെയില്‍വേ പൊലീസിന്റെ കസ്റ്റഡിയിലാണ്. സ്ത്രീകളെ ശല്യപ്പെടുത്തിയ കുറ്റത്തിനാണ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.

കൂത്തുപറമ്പ് നിര്‍മലഗിരി സ്വദേശി പൊന്നന്‍ ഷമീറിനെ ഇന്നലെയാണ് പൊലീസ് തിരിച്ചറിഞ്ഞത്. സിസിടി ടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് ഇയാളെ കണ്ടെത്തിയത്. ഇയാള്‍ സ്ഥിരം കുറ്റവാളിയാണെന്ന് പൊലീസ് വ്യക്തമാക്കി. മാല പിടിച്ചു പറിക്കല്‍, ഭണ്ഡാര മോഷണം തുടങ്ങിയ കേസുകളാണ് ഇയാള്‍ക്കെതിരെയുള്ളത്. വിവിധ പൊലീസ് സ്‌റ്റേഷനുകളിലായി അഞ്ച് കേസുകള്‍ നിലവിലുള്ളതായി പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് മാവേലി എക്‌സ്പ്രസില്‍ വച്ച് ഇയാളെ കണ്ണൂര്‍ റെയില്‍വേ പൊലീസ് സ്റ്റേഷനിലെ എഎസ്എ എം.സി.പ്രമോദ് മര്‍ദ്ദിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ എഎസ്‌ഐയെ സസ്‌പെന്റ് ചെയ്തിരുന്നു. ഇന്റലിജന്‍സ് എഡിജിപിയാണ് നടപടി സ്വീകരിച്ചത്. എന്നാല്‍ മര്‍ദ്ദനമേറ്റയാള്‍ മദ്യപിച്ചാണ് യാത്ര ചെയ്തതെന്നും സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നും പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സ്ഥിരം മദ്യപാനിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.

ടിക്കറ്റില്ലാതെ സ്ലീപ്പര്‍ കോച്ചില്‍ യാത്ര ചെയ്തതിനു മാവേലി എക്‌സ്പ്രസിലെ യാത്രക്കാരനെ മര്‍ദ്ദിച്ചതില്‍ പൊലീസിന് വീഴ്ച പറ്റിയെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. എഎസ്‌ഐ മനുഷ്യത്വരഹിതമായി പെരുമാറിയെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്പി കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ മദ്യപിച്ച് സ്ത്രീകളെ ശല്ല്യം ചെയ്തതിനാണ് ഇയാളെ ട്രെയിനില്‍ നിന്ന് ഇറക്കി വിട്ടതെന്നായിരുന്നു എഎസ്‌ഐയുടെ വാദം. ഇതിന് പിന്നാലെ ട്രെയിനില്‍ യാത്രക്കാരായിരുന്ന സ്ത്രീകളും പരാതി നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *