NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കമ്മ്യൂണിസത്തി നെതിരെയുള്ള പ്രമേയം തന്റെ അറിവോടെയല്ല; പ്രമേയത്തോടൊപ്പം തന്റെ ഫോട്ടോ ചേര്‍ത്ത് പ്രചരിപ്പിക്കുന്നത് തെറ്റിദ്ധാരണാ ജനകം: ജിഫ്രി തങ്ങള്‍

കോഴിക്കോട്: കമ്മ്യൂണിസത്തിനെതിരെയുള്ള സമസ്തയുടെ പ്രമേയം തന്റെ അറിവോടെയല്ലെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍.

കമ്മ്യൂണിസവുമായി സഹകരിക്കുന്നതില്‍ മുസ്‌ലിം സമൂഹം ജാഗ്രത പുലര്‍ത്തണം എന്നുള്ള ഒരു പ്രമേയത്തോടൊപ്പം തന്റെ ഫോട്ടോ ചേര്‍ത്ത് ചില ചാനലുകളിലും ഓണ്‍ലൈനുകളിലും പ്രചരിപ്പിക്കപ്പെടുന്നത് തെറ്റിദ്ധാരണാജനകമാണെന്ന് ജിഫ്രി തങ്ങള്‍ പറഞ്ഞു.

തന്റെ അറിവോടെയൊ, സമ്മതത്തോടെയോ അല്ല ഈ പ്രമേയം അവതരിപ്പിച്ചത്. ഇത്തരം വാര്‍ത്തകളില്‍ എന്റെ ഫോട്ടോ ചേര്‍ത്ത് ദുരുദ്ദേശത്തോടെ പ്രചരിപ്പിക്കുന്നതില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്മാറണമെന്നും തങ്ങള്‍ പറഞ്ഞു.

സമസ്ത മലപ്പുറം ജില്ലാ സുവര്‍ണ ജൂബിലി സമ്മേളനത്തിലാണ് കണ്‍വീനര്‍ സലിം എടക്കര കമ്മ്യൂണിസത്തിനെതിരെ പ്രമേയം അവതരിപ്പിച്ചത്.
കമ്മ്യൂണിസം അടക്കമുള്ള മതനിരാസ ചിന്തകളെ മുസ്‌ലിം സമുദായം കരുതിയിരിക്കണമെന്നായിരുന്നു പ്രമേയം.

സാധാരണക്കാരിലേക്ക് മതനിഷേധം കുടിയേറുന്ന പ്രവണത അപകടകരമെന്ന് സമസ്തയുടെ പ്രമേയത്തില്‍ പറയുന്നു. വിവാഹപ്രായം ഉയര്‍ത്തുന്ന തീരുമാനത്തില്‍ നിന്ന് കേന്ദ്രം പിന്മാറണമെന്നും സമസ്ത ആവശ്യപ്പെട്ടിരുന്നു.

അതേസമയം, രാഷ്ട്രീയ സംഘടനകളില്‍ ചിലതുമായി സമസ്തയ്ക്ക് ശക്തമായ ബന്ധമുണ്ടെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഓരോ രാഷ്ട്രീയ പാര്‍ട്ടികളും വ്യക്തമായ ലക്ഷ്യങ്ങളോടെയാണ് പ്രവര്‍ത്തിക്കുന്നത്. എന്നാലത് സമസ്തയുടെ ലക്ഷ്യമല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.  സമസ്തയുടെ പ്രവര്‍ത്തകര്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുമ്പോഴും ഒന്നാം സ്ഥാനം നല്‍കേണ്ടത് സംഘടനക്കാണ്. സമസ്ത രാഷ്ട്രീയ പാര്‍ട്ടികളുമായി കാലാകാലം തടരുന്ന ബന്ധം ഇന്നും തുടര്‍ന്നുപോകുന്നുണ്ട്. അതിന് ഇതുവരെ ഒരു കോട്ടവും ഏറ്റിട്ടില്ല. അങ്ങനെ ആര് വിചാരിച്ചാലും നടക്കുകയുമില്ല. നിലവിലെ സ്ഥിതി തിരുത്തേണ്ട ഒരു കാരണവും ഇപ്പോള്‍ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കുഞ്ഞാലിക്കുട്ടിയും സമദാനിയുമൊക്കെ സമസ്തയുടെ പരിപാടിയില്‍ പങ്കെടുക്കുന്നത് അവര്‍ സുന്നികളായത് കൊണ്ടാണ്. ഇതൊരു സൗഹൃദ സന്ദേശമാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ രാഷ്ട്രീയക്കാരും സമസ്തയിലുണ്ട്. ഭരിക്കുന്ന സര്‍ക്കാരുമായി സഹകരിച്ചുപോവുകയെന്നതാണ് സമസ്തയുടെ നിലപാട്. എന്നാല്‍ എതിര്‍ക്കേണ്ട കാര്യങ്ങളില്‍ സര്‍ക്കാരുകളെ എതിര്‍ത്ത പാരമ്പര്യവും സമസ്തയ്ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

 

‘സമസ്തയില്‍ പ്രവര്‍ത്തിക്കുന്നവരില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടിക്കാരും ഉണ്ട്. അതില്‍ അധികമുള്ളത് വേദിയിലുള്ള കുഞ്ഞാലിക്കുട്ടി സാഹിബ് നയിക്കുന്ന മുസ്ലിം ലീഗാണ്. ലീഗില്‍ തന്നെ എല്ലാ വിഭാഗം ആളുകളും ഉണ്ടല്ലോ. മുജാഹിദ് വിഭാഗക്കാരും ലീഗിലുണ്ട്. അതുപോലെ കോണ്‍ഗ്രസുകാരും മറ്റ് പാര്‍ട്ടിക്കാരും സമസ്തയിലുണ്ട്,’ ജിഫ്രി തങ്ങള്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *