NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പൊലീസില്‍ ക്രിമിനലുകള്‍ കൂടി, പൊലീസ് അതിക്രമങ്ങള്‍ ഇടതു മുന്നണിയുടെ ശോഭ കെടുത്തി; ആഭ്യന്തര വകുപ്പിനെതിരെ വിമര്‍ശനവുമായി എ.ഐ.വൈ.എഫ്

കോഴിക്കോട്: സംസ്ഥാന ആഭ്യന്തര വകുപ്പിനെതിരെ വിമര്‍ശനവുമായി എ.ഐ.വൈ.എഫ്. കേരളത്തിലെ പൊലീസില്‍ ക്രിമിനലുകള്‍ കൂടിയെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ജിസ് മോന്‍ പറഞ്ഞു.

പൊലീസ് വീഴ്ച ഒറ്റപ്പെട്ട സംഭവമല്ല. പൊലീസ് അതിക്രമങ്ങള്‍ ഇടതുമുന്നണിയുടെ പൊലീസ് നയത്തിന്റെ ശോഭ കെടുത്തി. ഇപ്പോഴത്തെ സംഭവങ്ങള്‍ ആഭ്യന്തര വകുപ്പിന്റെ വീഴ്ചയാണോയെന്ന് പരിശോധിക്കണമെന്നും ജിസ് മോന്‍ പറഞ്ഞു.

കണ്ണൂരില്‍ ട്രെയിന്‍ യാത്രക്കാരനെ കേരളാ പൊലീസ് മര്‍ദിച്ച സംഭവം വിവാദമായതിന് പിന്നാലെയാണ് എ.ഐ.വൈ.എഫിന്റെ വിമര്‍ശനം. തിങ്കളാഴ്ച രാവിലെയായിരുന്നു ട്രെയിനില്‍ വെച്ച് പൊലീസ് മധ്യവയസ്‌കനെ മര്‍ദിച്ച സംഭവമുണ്ടായത്.

മാവേലി എക്സ്പ്രസില്‍ യാത്ര ചെയ്തിരുന്ന യാത്രക്കാരനെയാണ് കണ്ണൂരില്‍ നിന്ന് എ.എസ്.ഐ ക്രൂരമായി മര്‍ദിക്കുകയും ബൂട്ടിട്ട് ചവിട്ടുകയും ചെയ്തത്.

സ്ലീപ്പര്‍ കംപാര്‍ട്ട്മെന്റില്‍ എത്തിയ പൊലീസുകാര്‍ യാത്രക്കാരോട് ടിക്കറ്റ് ചോദിക്കുകയായിരുന്നു. സ്ലീപ്പര്‍ ടിക്കറ്റില്ലെന്നും ജനറല്‍ ടിക്കറ്റ് മാത്രമേയുള്ളു എന്നും യാത്രക്കാരന്‍ മറുപടി നല്‍കി.  തുടര്‍ന്ന് കൈയ്യിലുള്ള ടിക്കറ്റ് ബാഗില്‍ നിന്ന് എടുത്ത് നല്‍കാന്‍ ശ്രമിക്കുന്നതിനിടെ പൊലീസുകാരന്‍ ബൂട്ട് ഉപയോഗിച്ച് ചവിട്ടുകയായിരുന്നു. കംപാര്‍ട്ട്മെന്റില്‍ യാത്ര ചെയ്ത ഒരു യാത്രക്കാരന്‍ എടുത്ത ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് പൊലീസിന്റെ ക്രൂരത പുറത്തറിഞ്ഞത്.

മാവേലി എക്സ്പ്രസ് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട സമയത്താണ് പൊലീസിന്റെ മര്‍ദനമുണ്ടായത്. മര്‍ദ്ദനമേറ്റ യാത്രക്കാരനെ പിന്നീട് വടകരയില്‍ പൊലീസ് ഇറക്കിവിട്ടു. മര്‍ദനം ചോദ്യം ചെയ്തതോടെ മറ്റ് യാത്രക്കാരുടെ സുരക്ഷക്ക് വേണ്ടിയാണ് ഇത് ചെയ്യുന്നതെന്നായിരുന്നു പൊലീസിന്റെ വിശദീകരണം.

അതേസമയം, താന്‍ ടിക്കറ്റില്ലാത്ത യാത്രക്കാരനെ ഇറക്കിവിടുക മാത്രമാണ് ചെയ്തതെന്നും മര്‍ദിച്ചിട്ടില്ലെന്നുമാണ് യാത്രക്കാരനെ മര്‍ദിച്ച എ.എസ്.ഐ പ്രമോദ് മാധ്യമങ്ങളോട് പറഞ്ഞത്. സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും അന്വേഷണത്തിന് സ്പെഷ്യല്‍ ബ്രാഞ്ച് എ.സി.പിയെ ചുമതലപ്പെടുത്തിയെന്നും കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍. ഇളങ്കോ പറഞ്ഞു. സംഭവത്തില്‍ മനുഷ്യത്വ രഹിതമായ കാര്യങ്ങള്‍ ഉണ്ടായോ എന്നും പരിശോധിക്കുമെന്നും കമ്മീഷണര്‍ അറിയിച്ചു.

Leave a Reply

Your email address will not be published.