NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കേരളത്തില്‍ ഒമൈക്രോണ്‍ നിയന്ത്രണ വിധേയം; സ്‌കൂളുകള്‍ അടയ്‌ക്കേണ്ട സാഹചര്യം ഇല്ലെന്ന് വി. ശിവന്‍കുട്ടി

പ്രതീകാത്മക ചിത്രം

സംസ്ഥാനത്തെ ഒമൈക്രോണ്‍ നിയന്ത്രണ വിധേയമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. നിലവില്‍ സ്‌കൂളുകള്‍ അടയ്‌ക്കേണ്ട സാഹചര്യം ഇല്ലെന്നും മന്ത്രി അറിയിച്ചു. ആരോഗ്യവകുപ്പുമായി കൂടിയാലോചിച്ചാണ് സ്‌കൂള്‍ തുറന്നത്. പരീക്ഷകള്‍ ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്നത് പോലെ തന്നെ നടക്കും എന്നും അദ്ദേഹം പറഞ്ഞു.

ഉത്കണ്ഠപ്പെടേണ്ട സാഹചര്യം ഇപ്പോഴില്ല. അടിയന്തര സാഹചര്യമുണ്ടായാല്‍ അപ്പോള്‍ തീരുമാനമെടുക്കാം എന്നും മന്ത്രി പറഞ്ഞു. കോവിഡിന് മുമ്പുണ്ടായിരുന്നത് പോലെ പരീക്ഷകളും ക്ലാസുകളും നടത്തണം എന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍. ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് എസ്എസ്എല്‍സി, പ്ലസ്ടു, പ്ലസ് വണ്‍, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ നടത്തിയത്. പരീക്ഷകള്‍ അധ്യാപകരുടെയും രക്ഷിതാക്കളുടെയും പൊതുജനങ്ങളുടെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും പരസ്പര സഹകരണത്തോടെയാണ് നടത്തിയത് എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം സംസ്ഥാനത്ത് ഒമൈക്രോണ്‍ വ്യാപന പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഇന്ന് മുതല്‍ നിലവില്‍ വരും. രാത്രി പത്ത് മുതല്‍ കാലത്ത് അഞ്ച് വരെയാണ് നിയന്ത്രണം. ജനുവരി രണ്ട് വരെ ഇത് തുടരും. അടിയന്തര സാഹചര്യങ്ങളില്‍ പുറത്ത് ഇറങ്ങേണ്ടി വരുന്നവര്‍ സാക്ഷ്യപത്രം കൈയില്‍ കരുതണം. അനാവശ്യ യാത്രകള്‍ അനുവദിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *