NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ടോറസ് ടിപ്പറുകളുടെ അനിയന്ത്രിത പാച്ചിൽ ; റോഡുകളിൽ ദുരന്ത ഭീഷണി

തിരൂരങ്ങാടി: റോഡുകളിൽ ദുരന്തഭീഷണിയുയർത്തി ടോറസ് ടിപ്പറുകളുടെ അനിയന്ത്രിത പാച്ചിൽ. പരപ്പനങ്ങാടിയിലേക്ക് ഹാർബർ നിർമ്മാണത്തിനായി കല്ലുകളെത്തിക്കുന്ന ഭീമൻ ലോറികളാണ് കക്കാട് പരപ്പനങ്ങാടി റോഡിൽ അമിതഭാരം വഹിച്ച് മരണ വണ്ടികളാവുന്നത്. രൂക്ഷമായ ഗതാഗതക്കുരുക്കിനും ഇവ കാരണമാവുന്നതായി പരാതിയുണ്ട്. സ്കൂൾ, ഓഫീസ് തിരക്കേറിയ രാവിലെകളിലും വൈകുന്നേരങ്ങളിലും ഇവ കൂടുതൽ പ്രയാസം സൃഷ്ടിക്കുന്നുണ്ട്.
എട്ടടി മുതൽ പന്ത്രണ്ടടി വരെ ഉയരമുള്ള ഉരുക്കു പെട്ടികളിൽ പുറത്തേക്ക് കവിഞ്ഞ് നിൽക്കുന്ന കൂറ്റൻ കരിങ്കല്ലുകൾ വൻ അപകടത്തിനു വഴിവെക്കുമെന്ന ഭീതിയിലാണ് ഇതിനൊപ്പം യാത്ര ചെയ്യേണ്ടി വരുന്ന മറ്റു വാഹനങ്ങളിലെ യാത്രക്കാർ.  അമിത ഭാരം കാരണം വശങ്ങളിലേക്ക് ചെരിഞ്ഞും നിരങ്ങിയും പോവുന്ന ടോറസ് ലോറികൾ ഭീതിയുണർത്തുന്ന കാഴ്ചയാണ്. മറ്റു വാഹനങ്ങൾക്ക് മാറിക്കൊടുക്കാനാവാതെ വലിയ ഗതാഗത പ്രശ്നങ്ങൾക്കും ഇവ ഇടയാക്കുന്നു. ഇരുചക്ര വാഹനങ്ങൾക്ക് ഇവ സൃഷ്ടിക്കുന്ന ഭീഷണി കുറച്ചൊന്നുമല്ല. സാധാരണ വാഹനങ്ങളേക്കാൾ ഉയരത്തിലുള്ള ഇതിന്റെ  പെട്ടി യാത്രക്കാരെ തട്ടിയാൽ തലക്ക് ഗുരുതര പരിക്കേൽക്കാനുള്ള സാധ്യത കൂടുതലാണ്.
ടയറിനെക്കാൾ വളരെ ഉയരത്തിലാണ് ടോറസുകളുടെ ബോഡി എന്നതിനാൽ ഇരുചക്രവാഹനങ്ങളിൽ തട്ടി യാത്രക്കാർ അടിയിലേക്ക് വീണാൽ ഡ്രൈവർ അറിയില്ല. ഇത്തരത്തിൽ സംസ്ഥാനത്ത് നിരവധി അപകടങ്ങളുണ്ടായിട്ടുള്ളതായി നാട്ടുകാർ പറയുന്നു. രാവിലെ 8.30 മുതൽ 9.30 വരെയും വൈകുന്നേരം 3.30 മുതൽ 4.30 വരെയും ടിപ്പർ ഇനത്തിൽ പെട്ട വാഹനങ്ങൾ ഓടിക്കരുതെന്നു നേരത്തെ സംസ്ഥാന തലത്തിൽ നിയന്ത്രണമുണ്ടായിരുന്നു. വിദ്യാർത്ഥികളും ഉദ്യോഗസ്ഥരുമടക്കം റോഡിൽ യാത്രക്കാരുടെ തിരക്കനുഭവപ്പെടുന്ന സമയമെന്ന പരിഗണനയിലായിരുന്നു ഇത്.
എന്നാൽ വിവിധ ജില്ലകളിൽ ഈ സമയക്രമം ഏകീകൃതമല്ലെന്നതിനാൽ ഈ നിർദ്ദേശം പ്രായോഗികമല്ലെന്ന അഭിപ്രായത്തെ തുടർന്ന് സംസ്ഥാന തലത്തിലുള്ള നിയന്ത്രണം നീക്കുകയും പ്രാദേശിക സാഹചര്യമനുസരിച്ച് സമയത്തിൽ മാറ്റം വരുത്തി ടിപ്പറുകളെ നിയന്ത്രിക്കാനുള്ള അധികാരം ജില്ലാ കലക്ടർമാർക്ക് നൽകുകയും ചെയ്തു. എന്നാൽ പല ജില്ലകളിലും കലക്ടർമാർ അത് നടപ്പാക്കിയെങ്കിലും മലപ്പുറം ജില്ലയിൽ ഇത് വരെ നിയന്ത്രണം നിലവിൽ വന്നിട്ടില്ല. ഇതിന്റെ മറവിലാണ് ടിപ്പറുകളുടെ മരണപ്പാച്ചിൽ.
രാവിലെകളിലും വൈകുന്നേരങ്ങളിലും ടിപ്പറുകളും ടോറസ് വാഹനങ്ങളും വ്യാപകമായി ഓടുമ്പോൾ വിദ്യാർത്ഥികളുൾപ്പെടെയുള്ളവർ ജീവൻ പണയം വെച്ചാണ് യാത്ര ചെയ്യുന്നത്. ഇവയെ നിയന്ത്രിക്കാൻ ഒരു ദുരന്തംവരെ കാത്തിരിക്കരുതെന്നാണ് അധികൃതരോടുള്ള നാട്ടുകാരുടെ അഭ്യർത്ഥന.

Leave a Reply

Your email address will not be published. Required fields are marked *