കോവിഡ് വ്യാപനം: ഡൽഹിയിൽ കടുത്ത നിയന്ത്രണം; സ്കൂളുകളും കോളജുകളും അടച്ചിടും, യെല്ലോ അലർട്ട് പ്രഖ്യാപിച്ചു


കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ ഡൽഹിയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. നിയന്ത്രണങ്ങളുടെ ഭാഗമായി യെല്ലോ അലർട്ട് പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ അറിയിച്ചു. സ്‌കൂളുകളും കോളജുകളും അടച്ചിടും. കടകള്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമാണ് പ്രവര്‍ത്തന അനുമതി.
സ്പാ, ജിം, സിനിമാ തിയേറ്ററുകൾ എന്നിവയും അടയ്ക്കാൻ ധാരണയായി. സ്വകാര്യ സ്ഥാപനങ്ങളിൽ പകുതി ജീവനക്കാർ മാത്രമേ ജോലിക്ക് എത്താവൂ. റസ്റ്റോറന്റുകളിലും മെട്രോയിലും 50 ശതമാനം സീറ്റുകളിൽ മാത്രമായിരിക്കും പ്രവേശനം. മെട്രോ ട്രെയിനിലും പകുതി ആളുകളെ മാത്രമേ പ്രവേശിപ്പിക്കൂ. വിവാഹങ്ങളിൽ ആളുകള്‍ പങ്കെടുക്കുന്നതിനും നിയന്ത്രണമുണ്ട്.
കഴിഞ്ഞ ആറ് മാസത്തിനിടയിലെ ഏറ്റവും വലിയ പ്രതിദിന കോവിഡ് കേസുകളാണ് തിങ്കളാഴ്ച ഡല്‍ഹിയില്‍ സ്ഥിരീകരിച്ചത്. ദേശീയ തലസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും കോവിഡ് പോസിറ്റീവ് നിരക്ക് 0.5 ശതമാനം കവിഞ്ഞു. രോഗവ്യാപനത്തിന്റെ സാഹചര്യം മുന്നിൽ കണ്ട് രാത്രികാല നിയന്ത്രണങ്ങൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു.