സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അധ്യക്ഷൻ ജിഫ്രി മുത്തുകോയ തങ്ങൾക്ക് വധഭീഷണി.


സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അധ്യക്ഷൻ ജിഫ്രി മുത്തുകോയ തങ്ങൾക്ക് വധഭീഷണി.
ദുരൂഹസാഹചര്യത്തിൽ മരിച്ച ചെമ്പരിക്ക ഖാസിയുടെ അനുഭവം ഉണ്ടാകും എന്നാണ് ഭീഷണി. ഫോണിൽ വിളിച്ചാണ് ഭീഷണിപ്പെടുത്തിയത്. മലപ്പുറം ആനക്കയത്ത് നടന്ന ഒരു പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് തങ്ങൾക്കെതിരെ വധഭീഷണിയുള്ളതായി വെളിപ്പെടുത്തൽ നടത്തിയത്.
വഖഫ് വിഷയത്തിൽ മുത്തുകോയ തങ്ങൾ സ്വീകരിച്ച നിലപാടിന് പിന്നാലെയാണ് ഭീഷണി. വഖഫ് ബോർഡ് നിയമനം പിഎസ്സിക്ക് വിട്ട തീരുമാനം പിൻവലിക്കണമെന്നും തീരുമാനം വൈകരുതെന്നുമാണ് സമസ്തയുടെ നിലപാട്.
നിയമനങ്ങൾ നടപ്പാക്കാൻ മതപണ്ഡിതരെ ഉൾപ്പെടുത്തി പ്രത്യേക നിയമന ബോർഡ് രൂപീകരിക്കണമെന്നും സമസ്ത ആവശ്യപ്പെട്ടിരുന്നു . വഖഫ് വിഷയത്തിൽ പള്ളികളിൽ പ്രതിഷേധം നടത്തുന്നതിനെതിരെ തങ്ങൾ നിലപാട് എടുത്തിരുന്നു.
അതേസമയം ഭീഷണിയെ ഗൗരവമായി കാണുന്നില്ലന്ന് മുത്തുകോയ തങ്ങൾ പറഞ്ഞു. ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പരാതി നൽകാൻ ഉദ്ദേശിക്കുന്നില്ലെന്നും സമസ്ത അധ്യക്ഷൻ വ്യക്തമാക്കി. അങ്ങനെ വല്ലതും സംഭവിച്ചാൽ തനിക്കെതിരെ എഴുതുന്നവരെ ആദ്യം പിടിച്ചാൽ മതി എന്ന് തങ്ങൾ പറഞ്ഞു.
ഞാനിപ്പോൾ അതുകൊണ്ടൊന്നും പിന്നോട്ട് പോകുന്ന ആളല്ല. അങ്ങനെ ആണ് മരണമെങ്കിൽ ചിലപ്പോൾ അങ്ങനെ ആവും. നല്ല നിലയിൽ ഈമാനോടെ മരിക്കാൻ നമുക്കൊക്കെ തൗഫീഖ് നൽകട്ടെ. തങ്ങൾ വ്യക്തമാക്കി. ഭീഷണി ഉണ്ടായാലും നിലപാടിൽ മാറ്റമില്ലെന്നും ധൈര്യമായി തന്നെ മുന്നോട്ട് പോവുക തന്നെ ചെയ്യും അദ്ദേഹം അറിയിച്ചു.
ചെമ്പരിക്ക മംഗലാപുരം ഖാസിയും സമസ്തയുടെ മുതിർന്ന നേതാവുമായിരുന്ന സി എം അബ്ദുല്ല മൗലവിയെ 2010 ഫെബ്രുവരി 15 ന് പുലർച്ചെ കടലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ദുരൂഹ സാഹചര്യത്തിലുള്ള ഖാസിയുടെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. സമസ്തയും മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.