യുപിയില്‍ ഏഴ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി, മൃതദേഹം വയലില്‍


ഉത്തര്‍ പ്രദേശില്‍ ഏഴ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി വയലില്‍ ഉപേക്ഷിച്ചു. ഉത്തര്‍പ്രദേശിലെ മൊറാദാബാദിലാണ് സംഭവം. നാല് ദിവസം മുമ്പാണ് കുട്ടിയെ കാണാതായത്. തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം കുട്ടിയുടെ മൃതദേഹം വയലില്‍ നിന്ന് കണ്ടെത്തിയത്.
ഡിസംബര്‍ 22 നായിരുന്നു സംഭവം. വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ കാണാതാവുകയായിരുന്നു. അന്ന് വൈകിട്ട് തന്നെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. പെണ്‍കുട്ടിയെ കണ്ടെത്താനായി പൊലീസ് രണ്ടംഗ സംഘത്തെ നിയോഗിച്ചിരുന്നു. എന്നാല്‍ രണ്ടു ദിവസം കഴിഞ്ഞിട്ടും കണ്ടെത്താന്‍ കഴിഞ്ഞില്ല.
വെള്ളിയാഴ്ച ഒരു കര്‍ഷകന്‍ വയലില്‍ നിന്ന് ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് പരിശോധിച്ച് ചെന്നപ്പോഴാണ് മൃതദേഹം കണ്ടത്. വീട്ടില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകലെയുള്ള കരിമ്പ് വയലിലാണ് മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തി. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ ശേഷം ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ ശരീരത്തില്‍ നിരവധി മുറിവുകളുണ്ടായിരുന്നു. ബലാത്സംഗം, കൊലപാതകം, പോക്സോ നിയമം തുടങ്ങിയ ഐപിസി വകുപ്പുകള്‍ പ്രകാരം പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി പൊലീസ് അഡീഷണല്‍ സൂപ്രണ്ട് വിദ്യ സാഗര്‍ മിശ്ര പറഞ്ഞു. പ്രതികള്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണ്. മരിച്ച പെണ്‍കുട്ടി മൂന്ന് സഹോദരങ്ങളില്‍ ഏറ്റവും ഇളയതായിരുന്നു. കുട്ടിയുടെ പിതാവ് പച്ചക്കറി വില്‍പ്പനക്കാരനാണ്. തന്റെ മകള്‍ക്ക് നീതി ലഭിക്കണമെന്ന് പെണ്‍കുട്ടിയുടെ അമ്മ ആവശ്യപ്പെട്ടു.