ഒമൈക്രോൺ; രാജ്യത്ത് 415 പേർക്ക് രോഗബാധ, 70 ശതമാനം പേര്‍ക്കും രോഗ ലക്ഷണങ്ങളില്ല
1 min read

രാജ്യത്ത് ആശങ്ക ഉയർത്തി ഒമൈക്രോൺ രോഗബാധ. ഇതുവരെ 415 പേർക്ക് ഒമൈക്രോൺ രോഗബാധ സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതിൽ 115 പേർ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ച 70 ശതമാനം പേര്‍ക്കും രോഗലക്ഷണങ്ങളില്ല.
മഹാരാഷ്ട്രയിൽ രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. ഇതുവരെ 108 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഡൽഹി 79, ഗുജറാത്ത് 43, തെലങ്കാന 38, കേരള 37 എന്നിവിടങ്ങളിലും രോഗബാധിതരുടെ എണ്ണം ആശങ്കജനകമായാണ് ഉയരുന്നത്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ഇതുവരെ ഒമൈക്രോൺ രോഗബാധ സ്ഥിരീകരിച്ചിട്ടില്ലെന്നും ആരോഗ്യമന്ത്രിലായം വ്യക്തമാക്കി.
അതേസമയം ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളിലേക്ക് ശേഷം രോഗബാധിതരുടെ എണ്ണത്തിൽ വർദ്ധനയുണ്ടാകുമെന്നാണ് റിപ്പോർട്ട്. ഇതോടെ ഡൽഹിയിൽ ഉൾപ്പടെ പല സംസ്ഥാനങ്ങളിലും ആഘോഷങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഉത്തർപ്രദേശിനും മധ്യപ്രദേശിനും പുറമേ കൂടുതൽ സംസ്ഥാനങ്ങൾ രാത്രികാല കർഫ്യു ഉൾപ്പടെയുള്ള നിയന്ത്രണങ്ങൾ വീണ്ടും ഏർപ്പെടുത്താനുള്ള നീക്കത്തിലാണ് എന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ ദിവസവും രാജ്യത്തെ ഒമിക്രോൺ വ്യാപനത്തിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം ആശങ്ക രേഖപ്പെടുത്തിയിരുന്നു. അതേസമയം രാജ്യത്ത് ഇന്ന് 7,189 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 387 പേർ മരിച്ചു. 77,516 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്.