NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

‘കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃക’; ഇന്ത്യയുടെ സംസ്‌കാരം ലോകത്തിന് കാണിച്ചു കൊടുത്തത് കേരളമാണെന്ന് രാഷ്ട്രപതി

തിരുവനന്തപുരം: രാജ്യത്തിന്റെ സാംസ്‌കാരികവും യോജിപ്പും ലോകത്തിനു മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നത് കേരളമാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്.

തലസ്ഥാനത്ത പി.എന്‍. പണിക്കരുടെ പ്രതിമ അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കേരളം ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള ആളുകളെ ആകര്‍ഷിച്ചു. വ്യത്യസ്ത സംസ്‌കാരങ്ങളെയും മതങ്ങളെയും ഉള്‍ക്കൊള്ളുന്നു,’ അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ ഇതരഭാഗങ്ങളിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും കേരളത്തിലെ ജനങ്ങള്‍ ആദരവ് നേടിയിട്ടുണ്ടെന്നും കേരളത്തില്‍ നിന്നുള്ള പ്രവാസി സംരംഭകര്‍ ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തിപ്പിടിക്കുന്നുവെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.

‘കേരളത്തില്‍ നിന്നുള്ള സേവന മേഖലയിലെ പ്രൊഫഷണലുകള്‍, പ്രത്യേകിച്ച് നഴ്സുമാരും ഡോക്ടര്‍മാരും എല്ലായിടത്തും ആദരിക്കപ്പെടുന്നു. അടുത്തിടെ, കൊവിഡ് മഹാമാരി ലോകത്തെയാകെ ബാധിച്ചപ്പോള്‍, കേരളത്തില്‍ നിന്നുള്ള നഴ്സുമാരും ഡോക്ടര്‍മാരും, മിഡില്‍ ഈസ്റ്റിലും ലോകമെമ്പാടും സേവനം അനുഷ്ഠിച്ചു,’ അദ്ദേഹം പറഞ്ഞു. ആരോഗ്യ പ്രവര്‍ത്തകരുടെ പരിശ്രമങ്ങള്‍ ലോകമാകെ ശ്രദ്ധിക്കപ്പെട്ടു. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ കേരളം ഇതര സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്നും രാഷ്ട്രപതി പറഞ്ഞു.

തിരുവനന്തപുരം കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള പൂജപ്പുര പാര്‍ക്കിലാണ് പി.എന്‍. പണിക്കരുടെ പൂര്‍ണകായ പ്രതിമ രാഷ്ട്രപതി അനാവരണം ചെയ്തത്. 2019 ഡിസംബറില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ പ്രതിമ പിറ്റേവര്‍ഷം ജനുവരിയില്‍ സ്ഥാപിച്ചെങ്കിലും കൊവിഡിനെത്തുടര്‍ന്ന് ചടങ്ങ് നീളുകയായിരുന്നു. വെങ്കലത്തില്‍ 11 അടി ഉയരമുള്ളതാണ് പ്രതിമ. 1.25 ടണ്‍ ഭാരം. പീഠത്തിന് 9 അടി ഉയരം. കെ.എസ്.സിദ്ധനാണ് ശില്‍പി. 15 ലക്ഷം രൂപയാണ് പ്രതിമ നിര്‍മാണത്തിന് സര്‍ക്കാര്‍ അനുവദിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *