NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ആലപ്പുഴയിലെ ഇരട്ട കൊലപാതകങ്ങള്‍, കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി

ആലപ്പുഴയില്‍ നടന്ന രണ്ട് കൊലപാതകങ്ങളെ ശക്തമായി അപലപിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റവാളികളെയും അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെയും പിടികൂടാന്‍ പൊലീസ് കര്‍ശന നടപടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

 

സങ്കുചിതവും മനുഷ്യത്വഹീനവുമായ ഇത്തരം അക്രമ പ്രവര്‍ത്തനങ്ങള്‍ നാടിന് വിപത്കരമാണ്. കൊലയാളി സംഘങ്ങളെയും അവരുടെ വിദ്വേഷ സമീപനങ്ങളെയും ജനങ്ങള്‍ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തുമെന്ന് ഉറപ്പുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ആലപ്പുഴയില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ നടന്ന ഇരട്ട കൊലപാതകങ്ങള്‍ക്ക് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. കേരളത്തിലെ ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. എസ്.ഡി.പി.ഐയും ബി.ജെ.പിയും നടത്തുന്ന ചോരക്കളി അവസാനിപ്പിക്കണം.

രാഷ്ട്രീയ കൊലപാതകം തടയാന്‍ പൊലീസ് നടപടി സ്വീകരിക്കണം. കൊലയാളികളെ സംരക്ഷിക്കാന്‍ ഭരണകൂടം കോടികള്‍ ചെലവഴിക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തിയിരുന്നു.

ആലപ്പുഴയില്‍ ഇന്നലെ രാത്രി ഒരു എസ്ഡിപിഐ നേതാവും, ഇന്ന് പുലര്‍ച്ചെ ഒരു ബിജെപി നേതാവുമാണ് കൊല്ലപ്പെട്ടത്. മണ്ണഞ്ചേരിയില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാനാണ് ഇന്നലെ രാത്രി വെട്ട് കൊണ്ട് മരിച്ചത്. ഷാന്‍ സഞ്ചരിച്ച ബൈക്ക് പിന്നില്‍നിന്ന് ഇടിച്ചുവീഴ്ത്തിയ ശേഷം അഞ്ചു പേരടങ്ങിയ അക്രമി സംഘം ആക്രമിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് പുലര്‍ച്ചെ ബിജെപി നേതാവായ രഞ്ജിത്തിന്റെ കൊലപാതകം നടന്നത്.

ആലപ്പുഴ വെള്ളക്കിണറിലായിരുന്നു സംഭവം. രഞ്ജിത്തിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മണിക്കൂറുകളഉടെ വ്യത്യാസത്തിലാണ് 15 കിലോമീറ്റര്‍ ദൂരപരിധിക്കുള്ളില്‍ രണ്ട് കൊലപാതകങ്ങളും നടന്നിരിക്കുന്നത്.

ഷാനിന്റെ കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് ആരോപിച്ച് എസ്ഡിപിഐയും, പോപുലര്‍ ഫ്രണ്ടും രംഗത്ത് വന്നിട്ടുണ്ട്. സംസ്ഥാനത്തെ സൗഹാര്‍ദ അന്തരീക്ഷം തകര്‍ക്കാനും, നാട്ടില്‍ കലാപമുണ്ടാക്കാനുമാണ് ആര്‍എസ്എസിന്റെ ശ്രമമെന്ന് അവര്‍ ആരോപിച്ചു.

അതേസമയം കൊലപാതകങ്ങള്‍ക്ക് പിന്നാലെ ആലപ്പുഴ ജില്ലയില്‍ രണ്ട് ദിവസത്തേക്ക് ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചട്ടുണ്ട്. ഇരു കൊലപാതകങ്ങളും തമ്മില്‍ ബന്ധമുണ്ടോയെന്ന് പൊലീസ് പരിശോധിച്ച് വരികയാണ്. സംഭവത്തില്‍ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുകയാണ്.

Leave a Reply

Your email address will not be published.