തന്നെ കൊല്ലാൻ മുംബൈ സംഘത്തിന് ക്വട്ടേഷൻ നൽകിയെന്ന് കെ.എം. ഷാജി; ഡി.ജി.പിക്ക് പരാതി നൽകി


തന്നെ കൊലപ്പെടുത്താൻ മുംബൈ ഗുണ്ടാസംഘത്തിന് ക്വേട്ടേഷൻ നൽകിയെന്ന് കെ.എം ഷാജി എം.എൽ.എ പൊലീസിൽ പരാതി നൽകി. 25 ലക്ഷം രൂപയ്ക്ക് ബോംബെ അധോലോക സംഘത്തിന് ക്വട്ടേഷൻ ഉറപ്പിച്ച ഓഡിയോ ക്ലിപ്പ് ഉടൻ പുറത്തുവിടുമെന്ന് കെ.എം. ഷാജി അറിയിച്ചു.
കണ്ണൂരിലെ പാപ്പിനിശേരി ഗ്രാമത്തിൽ നിന്നാണ് ഗൂഢാലോചന നടന്നതെന്നും പുറത്ത് വന്ന ഓഡിയോ ക്ലിപ്പിൽ വധ ഗൂഢാലോചന വ്യക്തമായിട്ടുണ്ടെന്നും കെ.എം ഷാജി പറയുന്നു.
ശബ്ദരേഖയടക്കം ഡിജിപിക്കും മുഖ്യമന്ത്രിക്കും സ്പീക്കർക്കും കെ.എം.ഷാജി പരാതി നൽകി. ടി. പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളെ ഒളിപ്പിച്ചവർക്ക് ഇതുമായി ബന്ധമുണ്ടെന്ന് കരുതുന്നെന്നും പരാതിയിൽ പറയുന്നു.വധഭീഷണിക്ക് പിന്നിൽ സിപിഐഎം ആണെന്ന് പറയുന്നില്ലെന്നും പ്രതിപക്ഷ നേതാവിനെ നേരിൽ കണ്ടുവെന്നും കെ.എം. ഷാജി പറഞ്ഞു.