യുവതിയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് കത്തിച്ചശേഷം യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു; ഇരുവരും ഗുരുതരാവസ്ഥയിൽ


യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് കത്തിച്ച ശേഷം യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. കോഴിക്കോട് തിക്കോടി പഞ്ചായത്ത് ഓഫീസിലെ താത്കാലിക ജീവനക്കാരിയായ കൃഷ്ണപ്രിയക്ക് നേരെയാണ് ആക്രമണമുണ്ടായത്. കൊലപ്പെടുത്താൻ ശ്രമിച്ച നന്ദു എന്ന യുവാവും ഗുരുതരമായി പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
വെള്ളിയാഴ്ച രാവിലെ രാവിലെ 9.50 നാണ് സംഭവം. യുവതി ഓഫീസിലേക്ക് കയറുന്നതിന് തൊട്ടുമുന്നേയാണ് സംഭവം. ഇത്തരമൊരു പ്രവൃത്തിക്കുള്ള പ്രകോപനം എന്താണെന്ന് വ്യക്തമല്ല. കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിശമന സേനയും പൊലീസും സ്ഥലത്തിയിരുന്നു. പയ്യോളി പൊലീസ് അന്വേഷണം ആരംഭിച്ചു.
മൂന്ന് ദിവസം മുമ്പാണ് കൃഷ്ണപ്രിയ തിക്കോടി പഞ്ചായത്ത് ഓഫീസില്‍ ജോലിയില്‍ പ്രവേശിച്ചത്. രാവിലെ ബൈക്കിലെത്തിയ യുവാവ് യുവതിയുമായി സംസാരിക്കുന്നതിനിടെയാണ് കുപ്പിയിൽ നിന്ന് പെട്രോളെടുത്ത് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ആദ്യം പെൺകുട്ടിയുടെ അലർച്ചയാണ് കേട്ടതെന്നും പിന്നീട് യുവാവ് കുപ്പിലെ പെട്രോൾ ദേഹത്ത് ഒഴിച്ച് തീ കൊളുത്തുകയായിരുന്നെന്നും ദൃക്‌സാക്ഷി പറയുന്നു.