നാടുകാണി-പരപ്പനങ്ങാടി പാത പ്രവൃത്തിക്കിടെ പ്രതിഷേധം : സംയുക്ത സമരസമിതി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.
1 min read

തിരൂരങ്ങാടി : നാടുകാണി-പരപ്പനങ്ങാടി പ്രവൃത്തിയിൽ അപാകതകൾ ചൂണ്ടിക്കാട്ടി നിരവധി പരാതികൾ നൽകിയെങ്കിലും നടപടി സ്വീകരിക്കാത്തതിനെ തുടർന്ന് സംയുക്ത സമരസമിതി നൽകിയ കേസ് ഹൈക്കോടതിയുടെ പരിഗണയിലിക്കെ ടാറിങ് പ്രവൃത്തി വീണ്ടും ആരംഭിച്ചത് പ്രതിഷേധത്തിനിടയാക്കി.
അപകടകരമാം വിധം റോഡിലേക്ക് ഇറങ്ങി നിൽക്കുന്ന ഇലക്ട്രിക് പോസ്റ്റുകൾ മാറ്റിസ്ഥാപിക്കാതെയും കയ്യേറ്റങ്ങൾ കണ്ടെത്തുന്നതിന് സർവ്വേ നടപടികൾ പൂർത്തിയാക്കാതെയും ടാറിങ് പ്രവൃത്തി മാത്രം ചെയ്ത് പ്രവൃത്തി അവസാനിപ്പിക്കാൻ പി.ഡ.ബ്‌ള്യൂ.ഡി ഉദ്യോഗസ്ഥർ ശ്രമിക്കുകയാണെന്ന് ആരോപിച്ച് അതിനെ ചോദ്യം ചെയ്ത് പ്രവത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു.
പിന്നീട് സ്ഥലത്തെത്തിയ തിരൂരങ്ങാടി പോലീസ് സംയുക്ത സമരസമിതി പ്രവർത്തകരായ ടി. റഹീം, ഷൗക്കത്ത് കൂളത്ത്, നാസർ തയ്യിൽ എന്നിവരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. പിന്നീട് മലപ്പുറത്ത് നിന്നെത്തിയ കൂടുതൽ പോലീസ് സാന്നിധ്യത്തിലാണ് ചെന്തപ്പടി ബൈ പാസ്സ് വരെ ടാറിങ് പ്രവൃത്തി പൂർത്തീകരിച്ചത്. റോഡിലേക്ക് ഇറങ്ങി നിൽക്കുന്ന ഇലക്ട്രിക് പോസ്റ്റുകൾ മാറ്റിസ്ഥാപിച്ച് മാത്രമേ ടാറിങ് പ്രവർത്തികൾ പുനരാരംഭിക്കൂ എന്ന ഉദ്യോഗസ്ഥ ഉറപ്പിന്മേൽ സമരം അവസാനിപ്പിക്കുകയായിരുന്നു.
സംയുക്ത സമരസമിതി ഭാരവാഹികളായ എം.പി സ്വാലിഹ് തങ്ങൾ, യാസീൻ തിരൂരങ്ങാടി, മൊയ്‌തീൻ, പി.ഡ.ബ്‌ള്യൂ.ഡി ഉദ്യോഗസ്ഥരായ സിദ്ധീഖ് ഇസ്മായിൽ, സുരേഷ് എന്നിവരും തിരൂരങ്ങാടി എസ്.ഐ പ്രിയനും ചേർന്ന് നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. റോഡ് പ്രവൃത്തിയുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കുന്നതിന് ജില്ലാ ഡവലപ്പ്മെൻറ് കമ്മീഷണർ പ്രേം കൃഷ്ണൻ.ഐ.എ.എസ് ഇന്ന് പരിശോധനക്കെത്തും.