“കള”ക്ക് അന്താരാഷ്ട്ര അംഗീകാരം; ചിക്കാഗോ ഫിലിം ഫെസ്റ്റിവലിലെ മികച്ച ചിത്രം


സുമേഷ് മൂര്‍, ടൊവിനോ തോമസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി രോഹിത് വി.എസ് സംവിധാനം ചെയ്ത കളക്ക് അന്താരാഷ്ട്ര അംഗീകാരം. ചിക്കാഗോ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഫീച്ചര്‍ ഫിലിമായാണ് കള തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
ആങ്‌ഡോങ് ഡെങ് സംവിധാനം ചെയ്ത ബ്ലേബ്ലെയ്ഡ് ഗേളിനൊപ്പമാണ് കള ഈ പുരസ്‌കാരം പങ്കുവെച്ചിരിക്കുന്നത്. അംഗീകാരം കിട്ടിയതിന്റെ സന്തോഷം ടൊവിനോ ഫേസ്ബുക്കിലൂടെ പങ്കുവെച്ചു.
‘ഒരു അഭിനേതാവ്, നിര്‍മ്മാതാവ് എന്നീ നിലകളില്‍ വലിയ ആവേശം തോന്നുകയാണ്. ഇത് ഒരു തുടക്കം മാത്രമാണ്. കളക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ടീമിന് എല്ലാ ആശംസകളും നേരുന്നു,’ എന്നായിരുന്നു ടൊവിനോ ഫേസ്ബുക്കില്‍ എഴുതിയത്.
നായകനേയും പ്രതിനായകനേയും സിനിമയുടെ അന്ത്യത്തില്‍ നേരെ എതിര്‍സ്ഥാനത്തേക്ക് പരിവര്‍ത്തനം ചെയ്യുന്ന സിനിമ പ്രമേയത്തിലും അവതരണത്തിലും കൈയ്യടി നേടിയിരുന്നു. വലിയ നിരൂപകപ്രശംസ നേടിയ സിനിമയിലെ സുമേഷ് മൂറിന്റെ അഭിനയം ശ്രദ്ധേയമായിരുന്നു.