കോഴിക്കോട് വിമാനത്താവളം വിൽപന; മൂന്ന് വർഷത്തിനകമെന്ന് വ്യോമയാന സഹമന്ത്രി


കോഴിക്കോട് അടക്കം 25 വിമാനത്താവളങ്ങൾ 2025 നകം സ്വകാര്യമേഖലക്ക് കൈമാറുമെന്ന് വ്യോമയാന സഹമന്ത്രി വി.കെ. സിങ് ലോക്സഭയെ അറിയിച്ചു. ദേശീയ ധനസമാഹരണ പദ്ധതി (നാഷനൽ മോണിറ്റൈസേഷൻ പൈപ്പ്ലൈൻ)യുടെ ഭാഗമായാണ് ഈ നീക്കം.
കോയമ്പത്തൂർ, ചെന്നൈ, മധുര ട്രിച്ചി തിരുപ്പതി, ഹൂബ്ലി, വാരാണസി, അമൃത്സർ, ഇന്ദോർ, റായ്പൂർ, നാഗ്പൂർ, പട്ന, ഭുവന്വേശർ, സൂറത്ത്, റാഞ്ചി, ജോധ്പൂർ, വിജയവാഡ, ഭോപാൽ, ഇംഫാൽ, അഗർതല, ഉദൈപൂർ, ഡെറാഡൂൺ തുടങ്ങിയവയാണ് വിൽക്കുന്ന മറ്റു വിമാനത്താവളങ്ങൾ.
വിവിധ മന്ത്രാലയങ്ങളെ ബന്ധിപ്പിച്ച് പൊതുസ്വത്ത് പണമാക്കി മാറ്റാൻ നിതി ആയോഗ് തയാറാക്കിയ ദേശീയ ധനസമാഹരണ പദ്ധതി ധനമന്ത്രി നിർമല സീതാരാമൻ കഴിഞ്ഞ ആഗസ്റ്റിലാണ് പ്രഖ്യാപിച്ചത്. വ്യോമയാന മേഖലയിൽനിന്നും 20,782 കോടി സമാഹരിക്കാനാണ് ലക്ഷ്യം.
മെട്രോ നഗരമല്ലാത്തതിനാൽ കണ്ണൂർ വിമാനത്താവളത്തിൽനിന്നും വിദേശ വിമാന കമ്പനികൾക്ക് സർവിസ് നടത്താൻ അനുമതി നൽകാനാകില്ലെന്നും വി.കെ.സിങ് ലോക്സഭയെ അറിയിച്ചു. വൈഡ് ബോഡി എയർ ക്രാഫ്റ്റുകൾക്ക് കണ്ണൂരിൽനിന്നും സർവിസ് നടത്തുന്നതിന് അനുമതി നൽകിയിട്ടുണ്ടെന്നും കണ്ണൂർ വിമാനത്താവളവുമായി ബന്ധപ്പെട്ട എ.എം.ആരിഫ് എം.പിയുടെ ചോദ്യത്തിന് മന്ത്രി മറുപടി നൽകി.