NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കോവിഡിനെ തടയാൻ ചൂയിങ്ഗം; പരീക്ഷണ അനുമതി കാത്ത് ഗവേഷകർ

വാഷിങ്ടൺ : കോവിഡ് വ്യാപനത്തെ തടയാനാകുന്ന ചൂയിങ്ഗം വികസിപ്പിച്ച് ഗവേഷകർ. കൊറോണ വൈറസിനെ തടയുന്ന സസ്യനിർമിത പ്രോട്ടീനുകൾ ഉൾപ്പെടുത്തിയാണ് ചൂയിങ്ഗം നിർമിച്ചിട്ടുള്ളത്. ഇതു ഉമിനീരിലെ വൈറസിന്റെ എണ്ണം കുറക്കുകയും രോഗവ്യാപനം തടയുകയും ചെയ്യുമെന്ന് ഗവേഷകർ പറയുന്നു. വൈറസ് പെരുകുന്നത് ഉമിനീർ ഗ്രന്ഥികളിലാണ്. വൈറസിനെ ഉമിനീരിൽവെച്ച് നിർവീര്യമാക്കുകയാണ് ചൂയിങ്ഗം ചെയ്യുന്നത്.

രോഗ വ്യാപനത്തിന്റെ ഉറവിടത്തെ തടസപ്പെടുത്തുന്ന ലളിതമായ രീതിയാണ് വികസിപ്പിച്ചതെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ യുഎസിലെ പെൻസിൽവേനിയ സർവകലാശാലയിലെ ഹെന്റി ഡാനിയേൽ പറഞ്ഞു. പഠനം മോളികുലാർ തെറാപ്പി ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗവേഷകർ കോവിഡിനു മുൻപ് ആൻജിയോടെൻസിൻ ഹോർമോണുകൾ രൂപാന്തരപ്പെടുത്തുന്ന എൻസൈം പ്രോട്ടീനുകളെക്കുറിച്ച് പഠനം നടത്തിയിരുന്നു. വിവിധ രോഗബാധകളെ പ്രതിരോധിക്കാൻ ഇവയ്‌ക്ക് കഴിയുമെന്നു ഗവേഷകർ തെളിയിച്ചിരുന്നു.

ഇതേസമയം പല്ലുകളെ ബാധിക്കുന്ന ബാക്‌ടീരിയാ രോഗത്തെ പ്രതിരോധിക്കുന്ന പ്രോട്ടീനുകളുള്ള ചൂയിങ്ഗം നിർമിക്കാൻ ഡാനിയേലും സഹപ്രവർത്തകരും ശ്രമിച്ചിരുന്നു. ഇത്തരത്തിലുള്ള പ്രോട്ടീൻ ഗവേഷകർ ലാബിൽ നിർമിച്ചു. തുടർന്ന് ഇരുഗവേഷണങ്ങളേയും ഇണചേർത്ത ഗവേഷകർ കോവിഡ് വൈറസുകളെ പ്രതിരോധിക്കാൻ ചൂയിങ്ഗമിനു കഴിയുമെന്ന് കണ്ടെത്തുകയായിരുന്നു. വൈറസുകൾ കോശങ്ങളിലെത്തുന്നത് തടയാൻ ചൂയിങ്ഗമിനു കഴിയുന്നുണ്ട്.

ചൂയിങ്ഗം ഫലപ്രദവും സുരക്ഷിതവുമാണെന്നും രോഗികളെ പരിചരിക്കുന്നവരെ കോവിഡ് ബാധയിൽനിന്ന്‌ രക്ഷിക്കാൻ ഇതു സഹായകരമാണെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. അതേസമയം ചൂയിങ്‌ഗം ഉപയോഗിച്ചുള്ള പരീക്ഷണം കോവിഡ് രോഗികളിൽ നടത്താനുള്ള അനുമതിക്കായി കാത്തിരിക്കുകയാണ് ഗവേഷകർ

Leave a Reply

Your email address will not be published.