NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

മുന്നറിയിപ്പ് ഇല്ലാതെയുള്ള ഡാം തുറക്കല്‍, കേരളം സുപ്രീം കോടതിയില്‍

മുല്ലപ്പെരിയാര്‍ അണക്കെട്ട് തമിഴ്നാട് മുന്നറിയിപ്പില്ലാതെ തുറക്കുന്നതിനെതിരെ കേരളം സുപ്രീംകോടതയില്‍. വിഷയം ഇന്ന് തന്നെ കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നാണ് അറിയുന്നത്. രാത്രികാലങ്ങളില്‍ അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തി കൂടുതല്‍ വെള്ളം തുറന്ന് വിടുന്നതിനെതിരെ നിരവധി തവണ കേരളം തമിഴ്‌നാടിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. സംസ്ഥാനത്തിന്റെ ആശങ്ക മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും തമിഴ്നാടിനെ അറിയിച്ചിരുന്നു. എന്നാല്‍ വീണ്ടും ഇത് തുടര്‍ന്നതോടെയാണ് നിയമപരമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചിരിക്കുന്നത്.

അണക്കെട്ട് തുറക്കുമ്പോള്‍ കൃത്യമായ മുന്നറിയിപ്പ് നല്‍കണമെന്ന് കേരളം അറിയിച്ചിരുന്നു. ഇത് പാലിക്കതെ വെള്ളം ഒഴുക്കുന്നത് ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിലും പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. സംസ്ഥാനങ്ങള്‍ തമ്മില്‍ പരസ്പരധാരണയില്‍ നീങ്ങേണ്ടതുണ്ട്. ജലനിരപ്പ് 142 അടിയാകുന്നതിന് മുമ്പ് ഷട്ടറുകള്‍ തുറന്നത് അനുവദിക്കാനാവില്ല. ഇക്കാര്യത്തില്‍ അതീവ ദുഃഖമുണ്ടെന്നും, തമിഴ്‌നാടിന് ശക്തമായ മുന്നറിയിപ്പ് നല്‍കുമെന്നും ജലമന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ദുരന്ത നിവാരണ നിയമം ഉപയോഗിച്ച് നടപടി സ്വീകരിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെയും രാത്രി തമിഴ്‌നാട് ഒമ്പത് ഷട്ടറുകള്‍ ഉയര്‍ത്തിയിരുന്നു. ക്രമാതീതമായി വെള്ളം പെരിയാറിലേക്ക് ഒഴുക്കിയതോടെ നിരവധി വീടുകളില്‍ വെള്ളം കയറി. 120 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തിയ ഷട്ടറുകളിലൂടെ 12,654 ഘനയടി വെള്ളമാണ് പെരിയാറിലേക്ക് ഒഴുക്കിവിട്ടത്. ഈ വര്‍ഷം ഒഴുക്കി വിട്ടതില്‍ ഏറ്റവും ഉയര്‍ന്ന് നിരക്കായിരുന്നു ഇത്. പിന്നീട് രാത്രി വൈകി മൂന്ന് ഷട്ടറുകളും, ഇന്ന് രാവിലെ ഒന്ന് ഒഴികെ ബാക്കി എല്ലാ ഷട്ടറുകളും അടച്ചു. 142 ഘനയടി വെള്ളമാണ് മുല്ലപ്പെരിയാറില്‍ നിന്നു പുറത്തേക്ക് വിടുന്നത്. 141.75 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്.

സ്ഥലം സന്ദര്‍ശിക്കാനെത്തിയ ജലമന്ത്രി റോഷി അഗസ്റ്റിന് നേരെയും പ്രതിഷേധം ഉയര്‍ന്നിരുന്നു. രാത്രി മുന്നറിയിപ്പില്ലാതെ വെള്ളം തുറന്ന് വിടുന്നത് സംബന്ധിച്ച് കേരളത്തിന്റെ പ്രതിഷേധം മേല്‍നോട്ട സമിതിയെ അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. സുപ്രീംകോടതിയെ വിവരം അറിയിക്കുമെന്നും റോഷി അഗസ്റ്റിന്‍ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published.