വായു മലിനീകരണം: 48 മണിക്കൂറിനകം നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്ക ണമെന്ന് സുപ്രീം കോടതി


വായു മലിനീകരണ വിഷയത്തില്‍ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം. വായു മലിനീകരണം തടയാനുള്ള നിര്‍ദ്ദേശങ്ങള്‍ സംസ്ഥാനങ്ങള്‍ നടപ്പിലാക്കിയില്ലെങ്കില്‍ കര്‍മ്മ സമിതിയെ നിയോഗിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. 48 മണിക്കൂറിനകം സംസ്ഥാനങ്ങള്‍ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കണമെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ വ്യക്തമാക്കി. കേന്ദ്രം സമര്‍പ്പിച്ച സത്യവാങ്ങ്മൂലം പരിശോധിച്ച ശേഷമായിരുന്നു കോടതിയുടെ പരാമര്‍ശം.
വായു മലിനീകരണ പ്രശ്‌നത്തില്‍ കേന്ദ്രം എന്ത് ചെയ്തുവെന്നും സുപ്രീംകോടതി ചോദിച്ചു. സംസ്ഥാനങ്ങളോട് നിയന്ത്രണങ്ങള്‍ നടപ്പിലാക്കാന്‍ നിര്‍ദ്ദേശിക്കുകയാണ് ചെയ്തതെന്ന് സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍ നടപ്പിലാക്കാത്തവര്‍ക്കെതിരെ നടപടി സ്വീകരിച്ചട്ടില്ല. ഡല്‍ഹി ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ വായു മലിനീകരണം കൂടുകയാണെന്ന് ചീഫ് ജസ്റ്റിസ് കുറ്റപ്പെടുത്തി. നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത സംസ്ഥാനങ്ങളോട് കോടതി വിശദീകരണം തേടും.
നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ തയ്യാറായില്ലെങ്കില്‍ കര്‍മ്മസമിതിയുണ്ടാക്കുമെന്ന് കോടതി പറഞ്ഞു. ഡല്‍ഹി, ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ എത്രയം വേഗം നിയന്ത്രണങ്ങള്‍ നടപ്പിലാക്കണം. അതേസമയം കോടതി നിര്‍ദേശങ്ങള്‍ എല്ലാം നടപ്പിലാക്കിയതായി ഡല്‍ഹി സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. കോടതി നിര്‍ദ്ദേശം മറികടന്ന് കേന്ദ്രം സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ നിര്‍മ്മാണം തുടരുന്നതിനെ കോടതി കുറ്റപ്പെടുത്തി. സംസ്ഥാനങ്ങള്‍ സ്വീകരിച്ച നടപടികള്‍ എന്തെന്ന് കോടതിയെ ബുധനാഴ്ച്ചയ്ക്കുള്ളില്‍ അറിയിക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കി. വ്യാഴാഴ്ച ഹര്‍ജി വീണ്ടും പരിഗണിക്കും.