NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കായിക പാഠ്യപദ്ധതി വിദ്യാലയങ്ങളിൽ നല്ല രീതിയിൽ നടപ്പാക്കിയാൽ കായിക രംഗത്ത് മികച്ച മുന്നേറ്റമുണ്ടാകും: മന്ത്രി വി അബ്ദുറഹ്മാൻ, തിരൂരങ്ങാടിയിൽ സ്റ്റേഡിയം നവീകരണത്തിന് തുടക്കമായി

തിരൂരങ്ങാടി: കായിക പാഠ്യപദ്ധതി വിദ്യാലയങ്ങളിൽ നല്ല രീതിയിൽ നടപ്പാക്കാനായാൽ കായിക രംഗത്ത് മികച്ച മുന്നേറ്റമുണ്ടാക്കാനാകുമെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാൻ പറഞ്ഞു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി തിരൂരങ്ങാടി ഗവ. ഹയർ സെക്കന്ററി സ്കൂളിലെ സ്‌റ്റേഡിയം കിഫ് ബിയിൽ നിന്ന് അനുവദിച്ച  2.2 കോടി രൂപ വിനിയോഗിച്ച് നവീകരിക്കുന്നതിന്റെ പ്രവൃത്തി ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.

ജനുവരിയിൽ പ്രസിദ്ധീകരിക്കാനുദ്ദേശിക്കുന്ന കായിക നയത്തിൽ കാതലായ മാറ്റങ്ങൾ കൊണ്ടുവരുമെന്നും പഞ്ചായത്ത് തലങ്ങളിൽ സ്പോർട്സ് കൗൺസിലുകൾ വരുന്നതോടെ കായിക മേഖലയ്ക്ക് കൂടുതൽ പ്രോത്സാഹനം ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 100 പഞ്ചായത്തുകളിൽ 100 സ്റ്റേഡിയം പദ്ധതി നടപടികൾ തുടരുകയാണ്.
ജനുവരിയോടെ ഇക്കാര്യത്തിൽ നടപടികൾ പൂർത്തീകരിക്കും.
കായിക മികവുള്ള സംസ്ഥാനമായി കേരളത്തെ മാറ്റിയെടുക്കുകയാണ് ലക്ഷ്യം. കായിക താരങ്ങളെ അഞ്ചു വർഷത്തിനകം മെച്ചപ്പെടുത്തും. 10 വർഷം നീണ്ടു നിൽക്കുന്ന കായിക മിഷനും നടപ്പാക്കാൻ നടപടികളാരംഭിച്ചിട്ടുണ്ട്. ജനങ്ങളിൽ കായികക്ഷമത വർധിപ്പിക്കുന്നതിൽ കൂട്ടായ പരിശ്രമം ഉണ്ടാകണം. തിരൂരങ്ങാടി മണ്ഡലത്തിൽ സ്റ്റേഡിയങ്ങൾ ഇല്ലാത്തിടങ്ങളിൽ സ്റ്റേഡിയങ്ങൾ യാഥാർത്ഥ്യമാക്കുന്നതിന് സാധ്യതകൾ പരിശോധിക്കുമെന്നും തിരൂരങ്ങാടി ഗവ. ഹയർ സെക്കന്ററി സ്കൂൾ സ്റ്റേഡിയം പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ചടങ്ങിൽ കെ.പി.എ മജീദ് എം.എൽ.എ അധ്യക്ഷനായി. മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ അബ്ദുറബ്ബ് വിശിഷ്ടാതിഥിയായി. നഗരസഭാ ചെയർമാൻ കെ.പി മുഹമ്മദ് കുട്ടി സ്വാഗതം പറഞ്ഞു
തിരൂരങ്ങാടി നഗരസഭ  വൈസ് ചെയർ പേഴ്സൺ സി.പി സുഹ്റാബി, അരിമ്പ്ര മുഹമ്മദ് മാസ്റ്റർ നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ ഇക്ബാൽ കല്ലുങ്ങൽ , എം സുജിനി, സി.പി ഇ സ്മായിൽ, ഇ.പി ബാവ , വഹീദ ചെമ്പ, സ്കൂൾ പി.ടി.എ പ്രസിഡന്റ് പി.എം ഹഖ്, പി.ടി.എ വൈസ് പ്രസിഡന്റ് എം.പി ഇസ്മായിൽ, എസ്.എം.സി ചെയർമാൻ എൻ.എം അലി, സ്കൂൾ പ്രിൻസിപ്പൽ ദിനേശ് കുമാർ , പ്രധാനധ്യാപിക വി. പ്രസീത, ഫാറൂഖ് പത്തൂർ, പച്ചായി മൊയ്തീൻ കുട്ടി, യു.കെ മുസ്ഥഫ മാസ്റ്റർ, കെ രാംദാസ് മാസ്റ്റർ, എം എൻ ഹുസൈൻ, കെ മൊയ്തീൻകോയ, സി എച്ച് ഫസൽ തുടങ്ങിയവർ സംസാരിച്ചു. .

Leave a Reply

Your email address will not be published. Required fields are marked *