മന്ത്രിച്ച് ഊതി നൽകപ്പെടുന്ന ഭക്ഷണമാണ് ‘ഹലാൽ’ എന്ന പ്രചാരണം അടിസ്ഥാനരഹിതം; കെ.ടി ജലീൽ


ഹലാൽ ഭക്ഷണവിവാദത്തിൽ പ്രചരിക്കുന്നത് അടിസ്ഥാന രഹിതമായ കാര്യങ്ങളാണെന്ന് കെ.ടി ജലിൽ എം.എൽ.എ. മന്ത്രിച്ചൂതിയ നൂലും ചരടും വെള്ളവും ഭക്ഷണവും നൽകുന്ന പതിവ് നൂറ്റാണ്ടുകളായി ഇന്ത്യയിലെ വിവിധ മതസമൂഹങ്ങളിലെ സിദ്ധന്മാർക്കിടയിൽ വ്യാപകമായി കാണാനാകും. മന്ത്രിച്ചൂതി (തുപ്പി എന്ന് സംഘ് മിത്രങ്ങൾ) നൽകപ്പെടുന്ന ഭക്ഷണമാണ് ‘ഹലാൽ’ ഭക്ഷണം എന്ന രൂപേണ നടത്തപ്പെടുന്ന പ്രചരണം തീർത്തും അടിസ്ഥാന രഹിതമാണെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
വിൽക്കപ്പെടുന്ന മാംസം തലക്കടിച്ചോ ശ്വാസം മുട്ടിച്ചോ കഴുത്ത് പിരിച്ചോ കൊന്ന മൃഗങ്ങളുടേതോ പക്ഷികളുടേതോ അല്ലെന്നും ശ്വാസ നാളവും അന്നനാളവും അറുത്ത് രക്തം വാർന്ന ഇറച്ചിയാണെന്നും അറിയിക്കാൻ വേണ്ടിയാവണം ‘ഹലാൽ’ അഥവാ അനുവദിനീയം എന്ന ബോർഡ് ചിലർ സ്ഥാപിച്ചു തുടങ്ങിയത്. തലക്കടിച്ചും ശ്വാസം മുട്ടിച്ചും കഴുത്ത് പിരിച്ചും കൊന്ന മൃഗങ്ങളുടെയോ പക്ഷികളുടെയോ മാംസം വേണമെന്ന് നിർബന്ധമുള്ളവർ വഞ്ചിക്കപ്പെടാതിരിക്കാനും ഇത്തരം ബോർഡുകൾ ഉപകരിച്ചിട്ടുണ്ടാകും.
ഒരു ബോർഡും വെക്കാതെത്തന്നെ എല്ലാ വെജിറ്റേറിയൻ റെസ്റ്റോറൻ്റുകളും ‘ഹലാൽ’ ഭക്ഷണം വിളമ്പുന്ന കേന്ദ്രങ്ങളാണ്. പ്രസവ വാർഡിൻ്റെ മുമ്പിൽ സ്ത്രീകൾക്ക് മാത്രം എന്ന് ആരും എഴുതി വെക്കാറില്ലല്ലോ? എന്നും കെ.ടി ജലീൽ കുറിച്ചു.
ഫെയ്സ്ബുക്ക് കുറിപ്പ്