സിഐ സുധീറിനെ സ്ഥലം മാറ്റി; സസ്‌പെന്റ് ചെയ്യണമെന്ന് കുടുംബം


മോഫിയയുടെ മരണത്തില്‍ ആരോപണവിധേയനായ ആലുവ സിഐ സുധീറിനെ സ്ഥലം മാറ്റി. പൊലീസ് ആസ്ഥാനത്തേക്കാണ് സ്ഥലം മാറ്റിയത്. കേസില്‍ ഡിഐജി അന്വേഷണം നടത്തിയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. സസ്‌പെന്റ് ചെയ്യേണ്ടെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ തീരുമാനം.
സ്ഥലം മാറ്റം അംഗീകരിക്കാന്‍ ആവില്ലെന്ന് മോഫിയയുടെ കുടുംബം പ്രതികരിച്ചു. ഉന്നത രാഷ്ട്രീയ ബന്ധങ്ങള്‍ ഉള്ളയാളാണ് സിഐ. അതുകൊണ്ടാണ് നടപടി സ്ഥലം മാറ്റത്തില്‍ ഒതുക്കിയതെന്ന് അവര്‍ ആരോപിച്ചു. സിഐയെ സസ്‌പെന്റ് ചെയ്യമമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രതിഷേധം തുടരുകയാണ്. പ്രവര്‍ത്തകര്‍ സ്റ്റേഷനുമുന്നില്‍ സിഐയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു. ജനപ്രതിനിധികളും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി.
നവംബര്‍ 23 നാണ് ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും പീഡനം സഹിക്കാന്‍ കഴിയാതെ മോഫിയ ആത്മഹത്യ ചെയ്തത്. പരാതി നല്‍കിയിട്ടും നടപടിയെടുക്കാതെ സിഐ അധിക്ഷേപിച്ചുവെന്ന് ആത്മഹത്യാക്കുറിപ്പില്‍ പറഞ്ഞിട്ടുണ്ട്. ഇതിന് പിന്നാലെയാണ് സിഐക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. പരാതി പറയാന്‍ വന്നപ്പോള്‍ ഭീഷണിപ്പെടുത്തി ഇറക്കി വിട്ടുവെന്ന് മറ്റൊരു യുവതിയും ആരോപിച്ചിരുന്നു. മോഫിയയുടെ ആത്മഹത്യയില്‍ നാലാഴ്ചയ്ക്കകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവിട്ടിട്ടുണ്ട്. ഡിസംബര്‍ 27ന് കേസ് പരിഗണിക്കുമെന്ന് കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് അറിയിച്ചു.
ഇതിന് മുമ്പും സിഐക്കെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഉത്ര വധക്കേസുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ വീഴ്ച വരുത്തിയതിനാണ് ഇയാളെ ആലുവയിലേക്ക് സ്ഥലം മാറ്റിയത്. 2020 ജൂണില്‍ അഞ്ചല്‍ ഇടമുളയ്ക്കലില്‍ ദമ്പതികള്‍ മരിച്ച സംഭവത്തില്‍ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് ഒപ്പിടാന്‍ സ്വന്തം വീട്ടിലേക്ക് മൃതദേഹം എത്തിച്ചതിലും സുധീറിനെതിരെ പരാതിയുണ്ടായിരുന്നു. രണ്ട് കേസിലും ഇയാള്‍ക്കെതിരെ ആഭ്യന്തര അന്വേഷണം നടന്നിട്ടുണ്ടെങ്കിലും കാര്യമായ നടപടികളൊന്നും സ്വീകരിച്ചിരുന്നില്ല