‘ഭക്ഷണത്തിന് മതമില്ല’; ‘ഫുഡ് സ്ട്രീറ്റ്’ സമരവുമായി ഡി.വൈ.എഫ്.ഐ


തിരുവനന്തപുരം: ഹലാല്‍ വിവാദമുയര്‍ത്തി സംഘപരിവാര്‍ നടത്തുന്ന പ്രചരണത്തിനെതിരെ ഫുഡ് സ്ട്രീറ്റ് സമരവുമായി ഡി.വൈ.എഫ്.ഐ. നവംബര്‍ 24ന് സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പരിപാടി സംഘടിപ്പിക്കുമെന്ന് ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റ് എ.എ. റഹീം പറഞ്ഞു.
‘ഭക്ഷണത്തിന് മതമില്ല. നാടിനെ വിഭജിക്കുന്ന ആര്‍.എസ്.എസിന്റെ വിദ്വേഷ പ്രചരണങ്ങള്‍ക്കെതിരെ ജാഗ്രതപുലര്‍ത്തുക,’ എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചാണ് സമരം സംഘടപ്പിക്കുന്നത്.
രാജ്യത്ത് ബീഫ് നിരോധനം ഏര്‍പ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ ഡി.വൈ.എഫ്.ഐ സംസ്ഥാനത്ത് ബീഫ് ഫെസ്റ്റിവല്‍ നടത്തിയത് വലിയ ശ്രദ്ധനേടിയിരുന്നു. ഇതേമാതൃകയിലാകും ഫുഡ് സ്ട്രീറ്റ് സമരവും സംഘടിപ്പിക്കുക.
ഹലാല്‍ എന്ന പേരില്‍ തുപ്പിയ ഭക്ഷണമാണ് വിളമ്പുന്നതെന്നും, അതുകൊണ്ട് ഹലാല്‍ സര്‍ട്ടിഫൈഡ് ഹോട്ടലുകളില്‍ നിന്നും ഭക്ഷണം കഴിക്കരുത് എന്നുമായിരുന്നു സംഘപരിവാറിന്റെ പ്രചാരണം.
ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനടക്കം ഈ വാദം ശക്തമായി ഉന്നയിച്ചിരുന്നു. ഹലാല്‍ എന്ന പേരില്‍ വിളമ്പുന്നത് തുപ്പിയ ഭക്ഷണമാണെന്നും അതുകൊണ്ട് എല്ലാവരും ഹലാല്‍ ഭക്ഷണശാലകള്‍ ഉപേക്ഷിക്കണമെന്നുമായിരുന്നു സുരേന്ദ്രന്‍ പറഞ്ഞത്.
ഇതിന് പിന്നാലെ തുപ്പല്‍ /കഫം ഇല്ലാതെ വിശ്വസിച്ച് ഭക്ഷണം കഴിക്കാവുന്ന ഹോട്ടലുകള്‍ എന്ന പേരില്‍ ക്രിസംഘി ഗ്രൂപ്പുകള്‍ ചില ഹോട്ടലുകളുടെ പേര് ഉള്‍പ്പെടുത്തിയ ലിസ്റ്റ് വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.
മുന്‍ എം.എല്‍.എ പി.സി. ജോര്‍ജ് വിഷയത്തില്‍ നടത്തിയ പ്രതികരണവും വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
ഭക്ഷണത്തില്‍ തുപ്പുകയെന്നത് മുസ്ലിങ്ങള്‍ക്കിടയില്‍ നിര്‍ബന്ധകാര്യമെന്ന് ജോര്‍ജ് പറഞ്ഞിരുന്നു. ഹലാല്‍ ഭക്ഷണമെന്നത് വര്‍ഗീയതയാണ് എന്നും അത് അംഗീകരിക്കാന്‍ കഴിയില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.
2016ലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ ഖത്തീബ് വന്ന് മന്ത്രിച്ചൂതി ദേഹം മുഴുവന്‍ തുപ്പിയെന്നും കുളിച്ചാണ് പുറത്തിറങ്ങിയതെന്നും ജോര്‍ജ് പറഞ്ഞു. സംഭവത്തില്‍ ബി.ജെ.പി. നേതൃത്വത്തിന്റെ നിലപാടില്‍ നിന്നും വേറിട്ട് അഭിപ്രായം പറഞ്ഞ സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ ഒടുവില്‍ പോസ്റ്റ് മുക്കിയതും ചര്‍ച്ചയായിരുന്നു.