സ്ത്രീധന പീഡന പരാതി ഉന്നയിച്ച നവവധു ആത്മഹത്യ ചെയ്തു


കൊച്ചി: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആലുവയില്‍ നവവധു ആത്മഹത്യ ചെയ്തു. എടയപ്പുറം സ്വദേശി മോഫിയ പര്‍വിന്‍(21) ആണ് തൂങ്ങി മരിച്ചത്.
സ്ത്രീധന പീഡന പരാതിയില്‍ കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനില്‍ ഭര്‍തൃവീട്ടുകാരെ വിളിച്ചുവരുത്തി ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയില്‍ വച്ച് പെണ്‍കുട്ടിയെയും കുടുംബത്തെയും പൊലീസ് അധിക്ഷേപിച്ചു എന്ന് ആരോപണമുണ്ട്. ഇതിന് പിന്നാലെയാണ് മൊഫ്സിയ ആത്മഹത്യ ചെയ്തത്. ഭര്‍തൃവീട്ടുകാര്‍ക്ക് പുറമെ ആലുവ പൊലീസിനെതിരെയും ആത്മഹത്യ കുറിപ്പില്‍ പരാമര്‍ശമുണ്ട്.
സി.ഐക്കെതിരെ നടപടിയെടുക്കണമെന്നും ഭര്‍ത്താവും മാതാപിതാക്കളും ക്രിമിനലുകളാണെന്നും അവര്‍ക്ക് പരമാവധി ശിക്ഷ കൊടുക്കണമെന്നും അത് തന്റെ അവസാന ആഗ്രഹമാണെന്നും മൊഫ്സിയയുടെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.
വിവാഹ ശേഷം 40 ലക്ഷം രൂപ ഭര്‍ത്താവിന്റെ വീട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നതായി മോഫിയ പര്‍വിന്റെ പിതാവും മാധ്യമങ്ങളോട് പ്രതികരിച്ചു.
‘പപ്പാ, പാച്ച സോറി.. നിങ്ങള്‍ പറഞ്ഞതാണ് ശരി, അവന്‍ ശരിയല്ല. അവനെ അത്രമാത്രം സ്‌നേഹിച്ചതാണ് ഞാന്‍ ചെയ്ത തെറ്റ്,’ തുടങ്ങിയവയാണ് പല പേജുകളിലായി കുത്തിക്കുറിച്ച ആത്മഹത്യാ കുറിപ്പില്‍ പറയുന്നത്.
അതേസമയം, പൊലീസിനെതിരെ കുടുംബം ഉന്നയിച്ച ആരോപണങ്ങള്‍ തള്ളുകയാണ് അധികൃതര്‍. പെണ്‍കുട്ടിയോട് മോശമായി പെരുമാറിയിട്ടില്ല, സമവായ ചര്‍ച്ചയ്ക്കിടെ ഭര്‍ത്താവിനോട് പെണ്‍കുട്ടി മോശമായി പെരുമാറി. ഇത് തടയാന്‍ ഇടപെടുക മാത്രമാണ് ചെയ്തതെന്നുമാണ് പൊലീസ് പറയുന്നത്.