റോഡപകടങ്ങ ൾക്കിരയായവരുടെ ഓർമ്മദിനം ആചരിച്ചു ; ബോധവൽക്കര ണവുമായി ഉദ്യോഗസ്ഥർ.

റോഡ് ഉപഭോക്താക്കൾക്ക് സുരക്ഷിത യാത്രയ്ക്ക് വേണ്ടിയുള്ള കൈപുസ്തകം ജോയിൻ്റ് ആർടിഒ എം പി അബ്ദുൽ സുബൈർ ട്രോമാകെയർ പ്രവർത്തകൻ ഷഫീഖിന് നൽകുന്നു

തിരൂരങ്ങാടി: റോഡിൽ പൊലിഞ്ഞ ജീവനുകളെ ഓർമ്മിച്ച് തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വേൾഡ് ഡേ ഓഫ് റിമമ്പറൻസ് ഫോർ റോഡ് ട്രാഫിക്ക് വിക്റ്റിംസ് ആചരിച്ചു. റോഡപകടങ്ങളിൽ മരിച്ചവരുടെ സുഹൃത്തുക്കളും രക്ഷാപ്രവർത്തകരും അപകടത്തിൽപ്പെട്ടവരും പരിപാടിയിൽ പങ്കെടുക്കാനെത്തി. യുനൈറ്റഡ് നേഷൻസ് ജനറൽ അസംബ്ലി എല്ലാവർഷവും നവമ്പറിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് ട്രാഫിക്ക് വിക്റ്റിംസ് ഡേയായി ആചരിക്കുന്നത്.
44 പേരുടെ ജീവനുകളെടുത്ത് കേരളത്തെ നടുക്കിയ പൂക്കിപറമ്പ് വെച്ചാണ് ഓർമ്മദിനം സംഘടിപ്പിച്ചത്. തിരൂരങ്ങാടി ജോയിൻ്റ് ആർ.ടി.ഒ. എം.പി അബ്ദുൽ സുബൈർ റോഡപകടങ്ങളിൽ മരിച്ചവരെ അനുസ്മരിച്ചുകൊണ്ട് സുരക്ഷിത യാത്രയുടെ ബോധവൽക്കരണം നൽകി. എം.വി.ഐ. എം.കെ. പ്രമോദ് ശങ്കർ റോഡ് സുരക്ഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എ.എം.വി.ഐ മാരായ കെ. സന്തോഷ് കുമാർ, കെ. അശോക് കുമാർ, ട്രോമോ കെയർ പ്രവർത്തകൻ ചോലക്കുണ്ടൻ ഷഫീക്ക്, എൻ. ബിജു എന്നിവർ സംസാരിച്ചു.
സുരക്ഷിത യാത്രയ്ക്ക് വേണ്ടിയുള്ള കൈപുസ്തകം ജോയിൻ്റ് ആർ.ടി.ഒ.എം.പി. അബ്ദുൽ സുബൈർ വിതരണം ചെയ്തു. ഓർമ്മ ദിനത്തോടനുബന്ധിച്ച് തിരൂരങ്ങാടി താലൂക്കിലെ ഓട്ടോ, ടാക്സി,ബസ് സ്റ്റാൻ്റുകൾ കേന്ദ്രീകരിച്ച് ഉദ്യോഗസ്ഥർ അപകടരഹിത മലപ്പുറം എന്ന ലക്ഷ്യം വെച്ച് റോഡ് സുരക്ഷാ ബോധവൽക്കരണം നൽകി.