ഉദ്ഘാടനത്തിന് ക്ഷണിച്ചില്ല; ആരോഗ്യ ഉപകേന്ദ്രത്തിന്റെ ശിലാഫലകം തല്ലി തകര്‍ത്ത് കോണ്‍ഗ്രസ് ജില്ലാ പഞ്ചായത്ത് അംഗം


കിടങ്ങുമ്മല്‍ ആരോഗ്യ ഉപകേന്ദ്രത്തിന്റെ ശിലാഫലകം തല്ലി തകര്‍ത്ത് ജില്ലാ പഞ്ചായത്തംഗം. ആരോഗ്യകേന്ദ്രത്തിന്റെ ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസിന്റെ ജില്ലാ പഞ്ചായത്തംഗവും വെള്ളനാട് ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ വെള്ളനാട് ശശി ശിലാഫലകം ചുറ്റിക ഉപയോഗിച്ച് അടിച്ചുതകര്‍ത്തത്.
വെള്ളനാട് ശശി പ്രസിഡന്റ് ആയിരുന്നപ്പോഴാണ് ആരോഗ്യ ഉപകേന്ദ്രത്തിന്റെ നിര്‍മാണം ആരംഭിച്ചത്. കേന്ദ്ര പദ്ധതി പ്രകാരമായിരുന്നു നിര്‍മ്മാണം. ഭരണസമിതിയുടെ കാലാവധി കഴിയാറായപ്പോള്‍ കെട്ടിടത്തിന്റെ പണി മുക്കാല്‍ ഭാഗം മാത്രമാണ് പൂര്‍ത്തിയായിരുന്നുള്ളൂ. പക്ഷേ തദ്ദേശ തി രഞ്ഞെടുപ്പിനു മുന്നോടിയായി അടൂര്‍ പ്രകാശ് എം.പി. കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചതായി പ്രഖ്യാപിച്ച് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ശിലാസ്ഥാപനം നടത്തിയിരുന്നു.
പുതിയ ഭരണസമിതി അധികാരത്തില്‍ എത്തിയതിന് ശേഷം സബ് സെന്ററിന്റെ പണി പൂര്‍ത്തീകരിച്ച് പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം നടത്തുകയും പുതിയ ശിലാഫലകം സ്ഥാപിയ്ക്കുകയും ചെയ്തു. നേരത്തേ സ്ഥാപിച്ച ശിലാഫലകം തറക്കല്ലിടല്‍ ചടങ്ങിന്റേത് മാത്രമാക്കി മാറ്റി.
ഉദ്ഘാടനത്തിന് ജില്ലാപ്പഞ്ചായത്ത് അംഗത്തെ ക്ഷണിയ്ക്കുകയോ ശിലാഫലകത്തില്‍ അദ്ദേഹത്തിന്റെ പേര് ഉള്‍പ്പെടുത്തുകയോ ചെയ്തില്ല. ലളിതമായി നടത്തിയ ചടങ്ങായതുകൊണ്ടാണ് വെള്ളനാട് ശശിയെ ക്ഷണിക്കാതിരുന്നത് എന്നാണ് പഞ്ചായത്ത് ഭാരവാഹികള്‍ പറഞ്ഞത്.
താന്‍ പഞ്ചായത്ത് പ്രസിഡന്റ് ആയിരിക്കെ ഉദ്ഘാടനം നടത്തിയ ആരോഗ്യ ഉപകേന്ദ്രം വീണ്ടും ഉദ്ഘാടനം ചെയ്യേണ്ട ആവശ്യമില്ല എന്നും വെള്ളനാട് ശശി പറഞ്ഞു.
സംഭവത്തിനെതിരെ പഞ്ചായത്ത് സെക്രട്ടറിയും വാര്‍ഡ് മെമ്പറും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ശശിക്കെതിരെ പൊതുമുതല്‍ നശിപ്പിച്ചതിന് കേസ് എടുത്തേക്കും എന്നാണ് റിപ്പോര്‍ട്ട്.