വസ്ത്രങ്ങൾക്ക് മുകളിലൂടെ ഉള്ള ‘സ്‌പർശനം’ ലൈംഗികാതിക്രമം: ബോംബെ ഹൈക്കോടതിയുടെ പോക്സോ വിധി റദ്ദാക്കി സുപ്രീം കോടതി


പോക്‌സോ നിയമപ്രകാരം ലൈംഗികാതിക്രമത്തിന് കേസെടുക്കണമെങ്കിൽ ചർമ്മങ്ങൾ തമ്മിൽ ഉള്ള ബന്ധം അനിവാര്യമാണെന്ന ബോംബെ ഹൈക്കോടതിയുടെ വിവാദ വിധി വ്യാഴാഴ്ച സുപ്രീം കോടതി റദ്ദാക്കി.
ഹൈക്കോടതി വിധിക്കെതിരെ അറ്റോർണി ജനറലും ദേശീയ വനിതാ കമ്മീഷനും മഹാരാഷ്ട്ര സംസ്ഥാനവും നൽകിയ അപ്പീലിലാണ് ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത്, ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് വിധി പ്രസ്താവിച്ചത്.
പോക്‌സോ സെക്ഷൻ 7 പ്രകാരം ‘സ്‌പർശനം’ അല്ലെങ്കിൽ ‘ശാരീരിക സമ്പർക്കം’ നിയന്ത്രിക്കുന്നത് അസംബന്ധമാണെന്നും കുട്ടികളെ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനായി നടപ്പിലാക്കിയ നിയമത്തിന്റെ ഉദ്ദേശശുദ്ധിയെ അത് നശിപ്പിക്കുമെന്നും വിധിയുടെ പ്രസക്ത ഭാഗം വായിച്ച ജസ്റ്റിസ് ബേല ത്രിവേദി പറഞ്ഞു.
പോക്‌സോയുടെ സെക്ഷൻ 7-ന് കീഴിലുള്ള ‘സ്‌പർശനം’, ‘ശാരീരിക സമ്പർക്കം’ എന്നീ പദപ്രയോഗങ്ങളുടെ അർത്ഥം “ചർമ്മങ്ങൾ തമ്മിലുള്ള സമ്പർക്കത്തിലേക്ക്” പരിമിതപ്പെടുത്തുന്നത് സങ്കുചിതവും അനുചിതവുമായ വ്യാഖ്യാനമാണെന്ന് മാത്രമല്ല, നിയമത്തിന്റെ അസംബന്ധ വ്യാഖ്യാനത്തിന് ഇടയാക്കുമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
അത്തരമൊരു വ്യാഖ്യാനം സ്വീകരിക്കുകയാണെങ്കിൽ, ദുരുദ്ദേശത്തോടെ സ്പർശിക്കുന്ന വ്യക്തി കയ്യുറകളോ മറ്റേതെങ്കിലും വസ്തുക്കളോ ഉപയോഗിക്കുകയാണെങ്കിൽ അയാളുടെ കുറ്റത്തിന് ശിക്ഷ ലഭിക്കില്ല. അതൊരു അസംബന്ധ സാഹചര്യമായിരിക്കും എന്നും കോടതി വ്യക്തമാക്കി.
സ്പർശന ലൈംഗിക ഉദ്ദേശത്തോടെ ഉള്ളതാണെങ്കിലും അത് കുറ്റകരമായിരിക്കും. ഏറ്റവും പ്രധാനപ്പെട്ട ഘടകം ലൈംഗിക ഉദ്ദേശമാണ്, അല്ലാതെ കുട്ടിയുടെ ചർമത്തിൽ സ്പർശിച്ചോ എന്നുള്ളതല്ല. ലൈംഗിക ഉദ്ദേശം എന്ന വസ്തുതയെ സാഹചര്യങ്ങൾ വിലയിരുത്തി നിർണ്ണയിക്കേണ്ടതാണ് എന്നും കോടതി നിർദ്ദേശിച്ചു