കരിപ്പൂരിൽ വൻ സ്വർണവേട്ട; 3.71 കോടി രൂപയടെ 7.5 കിലോ സ്വർണം പിടികൂടി


കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. മൂന്ന് വിമാനത്തിൽ എത്തിയ അഞ്ച് യാത്രക്കാരിൽ നിന്നായി 7.5 കിലോ സ്വർണം (gold) പിടികൂടി. 3.71 കോടി രൂപ വിലമതിക്കുന്ന സ്വർണമാണ് പിടികൂടിയത്.
ബാഗിന് ഉള്ളിലും ശരീരത്തും ഒളിപ്പിച്ച നിലയിലാണ് സ്വർണം ഉണ്ടായിരുന്നത്. തൃശൂർ സ്വാദേശി നിതിൻ ജോർജ്, കാസർകോട് സ്വദേശി അബ്ദുൽ ഖാദർ, ഓർക്കാട്ടേരി സ്വദേശി നാസർ, വളയം സ്വദേശി ബഷീർ, കൂരാച്ചുണ്ട് സ്വദേശി ആൽബിൻ തോമസ് എന്നിവരാണ് പിടിയിലായത്.
ലഗേജ് കൊണ്ട് വരുന്ന കാർഡ് ബോർഡ് പെട്ടിയുടെ ചട്ടക്കുള്ളിൽ സ്വർണമൊളിപ്പിച്ചു കടത്തുന്നതിനിടെയാണ് ഇതിൽ മൂന്ന് പേർ പിടിയിലായത്. പേസ്റ്റ് രൂപത്തിലാക്കിയാണ് കാർഡ് ബോർഡിന്റെ ചട്ടക്കുള്ളിൽ സ്വർണമൊളിപ്പിച്ചത്. അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചു സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടെയാണ് മറ്റ് രണ്ട് പേർ പിടിയിലായത്. കരിപ്പൂർ എയർ ഇന്റലിജൻസ് യൂണിറ്റാണ് അനധികൃത സ്വർണക്കടത്ത് പിടികൂടിയത്.
സമീപകാലത്ത് കരിപ്പൂരിൽ ഉണ്ടാവുന്ന ഏറ്റവും വലിയ സ്വർണ വേട്ടയാണിത്. പ്രതികളെ തുടർ നടപടിക്കായി കൈമാറി. ഇന്നലെ കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 51 ലക്ഷം രൂപയുടെ സ്വർണം പിടികൂടിയിരുന്നു. 1040 ഗ്രാം തൂക്കം വരുന്ന സ്വർണമാണ് കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് പിടികൂടിയത്. ഷാർജയിൽ നിന്നെത്തിയ ആറളം സ്വദേശി എം ഫാസിലിൽ നിന്നാണ് സ്വർണം പിടികൂടിയത്. കസ്റ്റംസും ഡിആർഐയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാളിൽ നിന്നും സ്വർണം പിടികൂടിയത്.