വഖഫ് പി.എസ്.സി നിയമനം, ഹാലിളക്കം രാഷ്ട്രീയ പ്രേരിതം: മന്ത്രി അഹമ്മദ് ദേവർകോവിൽ


വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ടതിനെതിരെ വർഗീയ പ്രചരണം പച്ചക്ക് നടത്തുന്നതിന്ന് പിന്നിൽ ലീഗിന്റെ കച്ചവട താൽപ്പര്യമാണെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. സങ്കുചിത താൽപ്പര്യങ്ങളോടെ വഖഫ് ബോർഡിനെ ഉപയോഗിച്ച മുസ്ലിം ലീഗിന് യോഗ്യത മാനദണ്ഡമാക്കി വഖഫ് ജീവനക്കാരുടെ നിയമനം സുതാര്യമാകുന്നത് പ്രയാസകരമാകും. വഖഫ് നിയമനം പിഎസ് എസി ക്ക് വിട്ടാൽ അവിശ്വാസികൾ വഖഫ് ബോർഡ് ഉദ്യോഗം കയ്യടക്കുമെന്ന ചിലരുടെ വാദം ബാലിശമാണെന്നും മന്ത്രി പറഞ്ഞു.
സമുദായത്തിന്റെ പേരിൽ വിലപേശി വാങ്ങിയ വിദ്യാലയങ്ങളിൽ ലീഗ് നടത്തിയ അധ്യാപക അനധ്യാപക നിയമനങ്ങളിൽ എന്ത് സാമുദായിക പരിഗണനയാണ് ഉണ്ടായിരുന്നത്. മടിശീലയുടെ കനമായിരുന്നു നിയമന യോഗ്യത. ചിലർ പ്രചരിപ്പിക്കും വിധം ദേവസ്വം ബോർഡ് പോലെയല്ല വഖഫ് ബോർഡ്. ദേവസ്വം ബോർഡിന്റെയും വഖഫ് ബോർഡിൻ്റെയും ഭരണനിർവഹണ രീതികൾ വ്യത്യസ്തമാണ്. ആ രീതി കൊണ്ടുവന്നാൽ പള്ളികൾ പിണറായി സർക്കാർ പിടിച്ചെടുക്കുന്നു എന്ന വാദവുമായി ഇപ്പോൾ പ്രതിഷേധിക്കുന്നവർ തന്നെ രംഗത്ത് വരും. അതിന്റെ നേതൃത്വത്തിൽ മുസ്ലിം ലീഗും ഉണ്ടാവും.
ഭരണം നഷ്ടപ്പെടുകയും ആഭ്യന്തര പ്രശ്നങ്ങളിൽ ലീഗ് കൈകാലിട്ട് അടിക്കുകയും ചെയ്യുമ്പോൾ മതത്തെ പരിചയാക്കി രക്ഷാകവചം ഒരുക്കുന്ന ലീഗിൻ്റെ സ്ഥിരം കലാപരിപാടി കേരളത്തിൽ ഇനി നടക്കില്ല. മതപരമായ വേർതിരിവുണ്ടാക്കുന്ന ലീഗിന്റെ കുത്സിത ശ്രമങ്ങളെ മതനിരപേക്ഷ സമൂഹം ചെറുക്കുക തന്നെ ചെയ്യുമെന്നും അഹമ്മദ് ദേവർകോവിൽ പറഞ്ഞു.