മുൻ ഭാര്യയാണെന്ന് കരുതി മറ്റൊരു യുവതിയെ വെട്ടി പരിക്കേൽപ്പിച്ചു; യുവാവ് അറസ്റ്റിൽ


കോഴിക്കോട്: മുൻ ഭാര്യയാണെന്ന് കരുതി മറ്റൊരു യുവതിയെ വെട്ടിപരിക്കേൽപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ബാങ്കില്‍ കയറിയാണ് യുവാവ് മുൻ ഭാര്യയാണെന്ന് തെറ്റിദ്ധരിച്ച് മറ്റൊരു സ്ത്രീയെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്.
കോഴിക്കോട് നന്മണ്ട സഹകരണ ബാങ്കിലാണ് സംഭവം. നന്മണ്ട സ്വദേശിയായ ബിജുവാണ് യുവതിയെ വെട്ടിയത്. ബാങ്കിലെ ക്ലർക്ക് ആയിരുന്ന ശ്രീഷ്മയെന്ന യുവതിക്കാണ് വെട്ടേറ്റത്. പരിക്കേറ്റ ശ്രീഷ്മ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് പ്രതി ബിജുവിനെ അറസ്റ്റ് ചെയ്തു. ബാങ്കിൽ കയറി അതിക്രമം കാണിച്ചതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. ബിജു ഏറെ കാലമായി ഭാര്യയുമായി അകൽച്ചയിലാണ്. ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നതായും അയൽക്കാർ പറയുന്നു.