പ്രായപൂര്‍ത്തി യാകാത്ത പെണ്‍കുട്ടി ക്രൂര പീഡനത്തിന് ഇരയായി; ആറ് മാസത്തിനിടെ പീഡിപ്പിച്ചത് 400 ഓളം പേര്‍


മഹാരാഷ്ട്രയിലെ ബീഡില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ക്രൂര പീഡനത്തിന് ഇരയായി. ആറ് മാസത്തിനിടെ 400 ഓളം പേര്‍ പീഡിപ്പിച്ചെന്ന് പെണ്‍കുട്ടി പരാതി നല്‍കി. പീഡിപ്പിച്ചവരില്‍ ഒരു പൊലീസുകാരനും ഉള്‍പ്പെടുന്നുണ്ട്. സംഭവത്തില്‍ ഇതുവരെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തതായി ബീഡ് പൊലീസ് മേധാവി രാജാ രാമസ്വാമി പറഞ്ഞു.
ബാലാവകാശ കമ്മീഷന്റെ ഇടപെടലോടെയാണ് വിവരം പുറത്തറിയുന്നത്. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ദിവസങ്ങള്‍ക്ക് മുമ്പ് മാത്രമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പരാതിയുമായി മുമ്പ് നിരവധി തവണ പൊലീസിനെ സമീപ്പിച്ചെങ്കിലും നടപടിയെടുത്തില്ലെന്നും, പരിഹസിച്ച് പറഞ്ഞയച്ചുവെന്നും പെണ്‍കുട്ടി പറഞ്ഞു. പരാതി നല്‍കാനെത്തിയപ്പോള്‍ ഒരു പൊലീസുകാരനും തന്നെ പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കി.
ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് പെണ്‍കുട്ടിയുടെ അമ്മ മരിച്ചിരുന്നു. എട്ട് മാസം മുമ്പാണ് പെണ്‍കുട്ടിയെ പിതാവ് വിവാഹം ചെയ്ത് അയച്ചത്. എന്നാല്‍ ഭര്‍ത്താവിന്റെ വീട്ടിലെ പീഡനം സഹിക്കാന്‍ കഴിയാതെ തിരികെ വന്ന കുട്ടിയെ പിതാവ് സ്വീകരിച്ചില്ല. തുടര്‍ന്ന് ബീഡിലെ അമ്പേജോഗായ് ബസ് സ്റ്റാന്‍ഡില്‍ ഭിക്ഷയെടുത്ത് ജീവിക്കുകയായിരുന്നു. ഈ കാലയളവിലാണ് പീഡനത്തിന് ഇരയായിരിക്കുന്നത്. 16 കാരിയായ പെണ്‍കുട്ടി നിലവില്‍ രണ്ട് മാസം ഗര്‍ഭിണിയാണ്.