പാചകക്കളി കാര്യമായി; ആറുവയസ്സുകാരന്റെ വിരൽ മിക്സിജാറിൽ കുടുങ്ങി


കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ ആറുവയസ്സുകാരന്റെ വിരൽ മിക്സിജാറിൽ കുടുങ്ങി. നീലേശ്വരം തൈക്കടപ്പുറം സ്വദേശിയായ കുട്ടിയുടെ വിരലാണ് കൂട്ടുകാർക്കൊപ്പം കഞ്ഞിയും കറിയും വെച്ച് കളിക്കുന്നതിനിടെ അബദ്ധത്തിൽ ഉപയോഗശൂന്യമായ പഴയ മിക്സിയുടെ ജാറിൽ കുടുങ്ങിയത്.
ജാറിന്റെ അടിവശത്തെ ദ്വാരത്തിൽ ഇടതുകൈയുടെ ചൂണ്ടുവിരൽ കടത്തി തിരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കുടുങ്ങിയത്. കുട്ടിയുടെ കരച്ചിൽ കേട്ടെത്തിയ വീട്ടുകാർ എത്ര ശ്രമിച്ചിട്ടും വിരൽ ഊരിയെടുക്കാൻ കഴിഞ്ഞില്ല. വിരൽ വീങ്ങി നീരുവെച്ചു തുടങ്ങിയതോടെ പിതാവും ബന്ധുക്കളും കുട്ടിയെ എടുത്ത് കാഞ്ഞങ്ങാട് ഫയർ റസ്ക്യുസ്റ്റേഷനിലെത്തിച്ചു.
തുടർന്ന് സേനാംഗങ്ങൾ കട്ടർ ഉപയോഗിച്ച് ജാർ ചെറിയ കഷണങ്ങളായി അറുത്തുമാറ്റിയാണ് ജാറിന്റെ ദ്വാരത്തിൽ നിന്ന് വിരൽ മോചിപ്പിച്ചത്. ഇത്തരം സംഭവങ്ങൾ ഉണ്ടായാൽഎത്രയും വേഗം അടുത്തുള്ള ഫയർ റസ്ക്യുസ്റ്റേഷനിൽ എത്തിച്ചാൽ എളുപ്പത്തിൽ രക്ഷാപ്രവർത്തനം നടത്താൻ കഴിയുമെന്ന് സ്റ്റേഷൻ ഓഫീസർ പി.വി. പവിത്രൻ പറഞ്ഞു. രക്ഷാപ്രവർത്തനത്തിനാവശ്യമായ ഉപകരണങ്ങൾ എല്ലാ ഫയർ റസ്ക്യുസ്റ്റേഷനിലും ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.