NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ഹാൻസ് നിർമാണ ഫാക്​ടറി നടത്തിയ നാലുപേർ വേങ്ങരയിൽ പിടിയിൽ

വേങ്ങര: മലപ്പുറം – വേങ്ങര – കണ്ണമംഗലം വട്ടപ്പൊന്തയിൽ ഹാൻസ് നിർമാണ ഫാക്ടറി നടത്തിയ നാലുപേർ അറസ്റ്റിൽ.. പരിശോധനയിൽ 50 ലക്ഷത്തോളം രൂപ വില വരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. പാലക്കാട് വല്ലപ്പുഴ സ്വദേശി നടുത്തൊടി ഹംസ (36), വേങ്ങര വലിയോറ സ്വദേശി കൺകടകടവൻ അഫ്സൽ (30), എ.ആർ നഗർ സ്വദേശി കഴുങ്ങും തോട്ടത്തിൽ മുഹമ്മദ് സുഹൈൽ ( 25), ഇതര സംസ്ഥാന തൊഴിലാളിയായ ഡൽഹി സ്വദേശി അസ്ലം (23) എന്നിവരെയാണ് ജില്ല ആൻറി നർക്കോട്ടിക്ക് സ്ക്വാഡ് പിടികൂടിയത്.
വേങ്ങര – കണ്ണമംഗലം വട്ടപ്പൊന്ത എന്ന സ്ഥലത്തെ ആളൊഴിഞ്ഞ റബർ തോട്ടത്തിനു നടുവിലെ ഇരുനില വീട്ടിലായിരുന്നു ഫാക്ടറി പ്രവർത്തിച്ചിരുന്നത്. അന്വേഷണ സംഘം എത്തിയ സമയത്തും ഫാക്ടറി പ്രവർത്തിക്കുകയായിരുന്നു. അഞ്ച് ലക്ഷത്തോളം വില വരുന്ന മൂന്ന് യൂനിറ്റുകളാണ് അഞ്ച് മാസമായി രാവും പകലും ഇവിടെ പ്രവർത്തിച്ചിരുന്നത്. ബംഗളൂരുവിൽനിന്നും ഉണക്ക മത്സ്യം കൊണ്ടുവരുന്ന വാഹനങ്ങളിലാണ് അസംസ്കൃത വസ്തുക്കൾ എത്തിച്ചിരുന്നത്.
ഡൽഹിയിൽനിന്നും പാക്കിങ്ങിനുള്ള വസ്തുക്കളും എത്തിച്ചു. രാത്രി ഫാക്ടറിയിൽ എത്തുന്ന സംഘം വില കൂടിയ ആഡംബര വാഹനങ്ങളിലാണ് സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിലേക്ക് ഇവ കടത്തികൊണ്ട് പോയിരുന്നത്. ബീഡി നിർമാണം എന്നാണ് പ്രതികൾ നാട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. പിടിയിലായ ഹംസയുടെ പേരിൽ പട്ടാമ്പിയിൽ 100 ചാക്കോളം ഹാൻസ് പിടികൂടിയതിന് കേസുണ്ട്.
മലപ്പുറം ഡിവൈ.എസ്.പി പി.എം. പ്രദീപ്, വേങ്ങര ഇൻസ്പെക്ടർ എം. മുഹമ്മദ് ഹനീഫ എന്നിവരുടെ നേതൃത്വത്തിൽ ജില്ല ആൻറി നർക്കോട്ടിക് സ്ക്വാഡ് അംഗങ്ങളായ അബ്ദുൽ അസീസ്, സത്യനാഥൻ മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണൻ മാരാത്ത്, പി. സഞ്ജീവ് എന്നിവരാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത് .

Leave a Reply

Your email address will not be published. Required fields are marked *