മോൻസണുമായി ബന്ധം; ഐ.ജി ലക്ഷ്മണയ്ക്ക് എതിരെ നടപടിക്ക് ശിപാർശ


പുരാവസ്‌തു തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കലുമായി ബന്ധമുണ്ടെന്ന് ആരോപണമുയർന്ന ഐജി ലക്ഷ്മണക്കെതിരെ നടപടിക്ക് ശിപാർശ. ലക്ഷ്‌മണക്കെതിരെ നടപടിയെടുക്കണമെന്നുള്ള ശിപാർശ റിപ്പോർട്ട് ക്രൈം ബ്രാഞ്ച് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. നിലവിലെ ട്രാഫിക് ഐജിയായ ലക്ഷ്മണയ്ക്ക് മറ്റ് ചില തട്ടിപ്പുകളിലും പങ്കുണ്ടെന്ന് പരാതി ഉയർന്നിരുന്നു.
ഐജി ലക്ഷ്മണയെ സസ്‌പെൻഡ് ചെയ്യാനുള്ള നടപടിയിൽ അന്തിമ തീരുമാനം മുഖ്യമന്ത്രിയാണ് എടുക്കേണ്ടത്. മോൺസനുമായി ഐജി സംസാരിച്ചതിന്റെ രേഖകൾ ഉൾപ്പെടെ പരിശോധിച്ചാണ് നടപടിക്ക് ശിപാർശ ചെയ്തിരിക്കുന്നത്. കേസിന്റെ തുടക്കം മുതൽ ആരോപണത്തിന്റെ നിഴലിലായിരുന്നു ഐജി ലക്ഷ്മണ. ഐജി ലക്ഷ്മണയും മോൻസൺ മാവുങ്കലും തമ്മിലുള്ള ബന്ധത്തിന്റെ തെളിവുകൾ പരാതിക്കാരും പുറത്ത് വിട്ടിരുന്നു.
മോൻസൺ മാവുങ്കലിനെതിരായ കേസ് അട്ടിമറിക്കാൻ ഐ.ജി ലക്ഷ്മണ ഇടപെട്ടെന്ന് ഡി.ജി.പി അനിൽകാന്ത് നേരത്തെ പറഞ്ഞിരുന്നു. കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റാൻ ശ്രമിച്ചെന്നും ഡി.ജി.പി ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകുകയായിരുന്നു. മോൻസൺ മാവുങ്കലിന്റെ മ്യൂസിയത്തിന് കേരള പൊലീസ് സംരക്ഷണം നൽകിയെന്ന കേസിലാണ് ഡിജിപി ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്.